മതസൗഹാര്‍ദത്തെ പ്രശംസിച്ച് മോദി, ഹിന്ദുത്വ പോര്‍വിളികള്‍ ഒഴിവാക്കി അമിത്ഷാ
കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് എത്തിയത് കോഴിക്കോട്്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം,
പാലക്കാട് ജില്ലകളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. കേരളത്തെ കുഞ്ഞാലിമരക്കാരുടേയും സാമൂതിരിയുടേയും ഭൂമിയെന്ന് മലയാളത്തില്‍ വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ഹിന്ദുത്വഭാഷാ പ്രയോഗങ്ങളും ഭാരത് മാതാകീ വിളികളും നടത്താറുള്ള അമിത്ഷാ കോഴിക്കോട്ടെ പ്രസംഗത്തില്‍ അത് മനപ്പൂര്‍വം ഒഴിവാക്കുകയും ചെയ്തു.
തീവ്രഹിന്ദ്വുത്വം കേരളത്തില്‍ വിലപോവില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇരുവരുടേയും പ്രസംഗം. പാകിസ്താന് മറുപടി പറയാനാണ് മോദി കൂടുതല്‍ സമയം കണ്ടെത്തിയത്. ന്യൂനപക്ഷ സമുദായ നേതാക്കളെ കാണാനും മോദി കോഴിക്കോട്ട് സമയം കണ്ടെത്തിയിട്ടുണ്ട്. സിറിയന്‍, ലത്തീന്‍ ബിഷപ്പുമാരുമായുള്ള കൂടിയാലോചനയും മോദി ഉറപ്പുനല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മേലധ്യക്ഷന്‍മാരെ നേരില്‍കണ്ട് പിന്തുണ നേടുകയാണ് ലക്ഷ്യം.
അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂരും കാന്തപുരവും പ്രധാനമന്ത്രിയെ കാണാനായി ശ്രമിക്കുന്നുണ്ട്. സി.കെ ജാനുവുള്‍പ്പെടെ എന്‍.ഡി.എയില്‍ ചേര്‍ന്ന ദലിത് നേതാക്കളുമായി മോദി ചര്‍ച്ച നടത്തും. ദീന്‍ദയാല്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ നടന്ന ജനസംഘം സമ്മേളനസ്മരണ പുതുക്കുക എന്നതിനു പുറമേ കൃത്യമായ രാഷ്്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് ദേശീയ കൗണ്‍സില്‍ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സംഘടിപ്പിച്ചത്.
തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ വര്‍ധിച്ചെങ്കിലും മലബാറില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സ്വാഗതസംഘത്തില്‍ ന്യൂനപക്ഷ സമുദായ അംഗങ്ങളെ ഉള്‍പ്പെടുത്തിയതും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു.
ഹിന്ദുത്വ പോര്‍വിളികള്‍ നടത്തുന്ന ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരെ സമ്മേളനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതും ഇതിന്റെ ഭാഗമാണെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."