ഉല്‍പാദനം നിലച്ച ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധരിക്കും: കേന്ദ്രമന്ത്രി
ഫറോക്ക്: ചെറുവണ്ണൂര്‍ കോംപ്ലക്‌സിനെ പുനരുദ്ധരിച്ച് ബില്ലറ്റും ടി.എം.ടി കമ്പികളും ഉല്‍പാദിപ്പിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു കേന്ദ്ര ഉരുക്ക് മന്ത്രി ചൗധരി ബീരേന്ദ്ര സിങ് പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്നുളള വിശദ റിപ്പോര്‍ട്ട് കൂടി പഠിച്ചു ഉല്‍പാദനം നിലച്ച ഫാക്ടറിയുടെ നിലവിലെ അവസ്ഥക്ക് മാറ്റം വരുത്താന്‍ ശ്രമിക്കും. ഫാക്ടറി പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് രൂപപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍, കമ്പനി പ്രതിനിധികള്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നീ മൂന്ന് വീഭാഗങ്ങളിലെയും പ്രതിനിധികളുള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കും. 15 ദിവസത്തിനകം ഈ സമിതി വിശദ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാനും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരഭമായ ചെറുവണ്ണൂര്‍ സെയില്‍-എസ്.സി.എല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രാജ്യത്ത് ഇരുമ്പ് ഉരുക്ക് വ്യവസായ രംഗത്ത് കടുത്ത കിടമത്സരമുളള സാഹചര്യത്തില്‍ ചെറുവണ്ണൂര്‍ ഫാക്ടറിയിലേക്ക് ബില്ലറ്റ് എത്തിച്ച് ടി.എം.ടി കമ്പികളാക്കുന്ന പ്രവര്‍ത്തി മാത്രമയാല്‍ കമ്പനി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തും. പകരം ബില്ലറ്റ് ഉല്‍പാദനമുള്‍പ്പെടെ കമ്പനിയില്‍ ആരംഭിച്ചു നിലവിലെ തൊഴിലാളികള്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുളള പുനരുദ്ധാരണമാണ് ആവശ്യം. ഇതിനായി കമ്പിയുടെ മൊത്തം ഘടനയിലും അനിവാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സംയുക്ത സംരഭം എന്ന നിലയില്‍ സ്റ്റീല്‍ അതോരിറ്റി ഓഫ് ഇന്ത്യക്കും സംസ്ഥാന സര്‍ക്കാരിനും 49 ശതമാനം വീതം ഓഹരി പങ്കാളിത്തമാണുളളത്. ഇതില്‍ മാറ്റം വരുത്തി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തില്‍ സെയിലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കമ്പനി പുനുരദ്ധാരണം ആവശ്യപ്പെട്ടുളള സംയുക്ത തൊഴിലാളി സംഘടനകളുടെ നിവേദനങ്ങള്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജനും സി.ഐ.ടി.യു പ്രതിനിധി എം. രാജുവും മന്ത്രിക്കു നല്‍കി.
കമ്പനി കാര്യങ്ങള്‍ സി.ഇ.ഒ സായ്‌നാഥ് വിശദീകരിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു. പോക്കര്‍, പി. വത്സരാജ്, കെ. ഷാജി, പ്രംനാഥ്, സി. അബ്ദുല്‍ ഖാദര്‍, സമീഷ്, കമ്പനി പേഴ്‌സണല്‍ മാനേജര്‍ പി.എന്‍ ഉണ്ണികൃഷണന്‍, ഫിനാന്‍സ് മാനേജര്‍ ആനന്ദകുമാരി, വര്‍ക്‌സ് മാനേജര്‍ ദേവദത്തന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് രണ്ടിനു കമ്പനി സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ പ്രധാന കവാടത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു വാദ്യഘോഷങ്ങളോടെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."