അഴീക്കല്‍ തുറമുഖം ആഴം കൂട്ടല്‍ വേഗത്തിലാക്കും: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനം വേഗത്തിലാക്കുന്നതിനായി ആഴം കൂട്ടല്‍ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇതിനായി ഡ്രഡ്ജിങ് സംവിധാനത്തിനുള്ള പൈപ് ലൈന്‍ ഉടന്‍ തുറമുഖത്തെത്തിക്കും. തുറമുഖ വകുപ്പ് ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ ഭൂപടത്തില്‍ അഴീക്കലിനെ ഒന്നാം സ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണം. ടൂറിസവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നു കോഴിക്കോടു വരെ സര്‍വിസ് നടത്താന്‍ തീരുമാനിച്ച ആഡംബര യാനത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഇതിന്റെ യാത്ര അഴീക്കലില്‍ നിന്നും ആരംഭിക്കാന്‍ ആഴംകൂട്ടല്‍ പ്രവൃത്തി നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ നീക്കിവച്ച 500 കോടി രൂപ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും വ്യാവസായിക പ്രമുഖരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ ആരായുന്നതിനായി യോഗം ചേര്‍ന്നു. പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഘട്ടത്തില്‍ ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാവരുതെന്നും അഴീക്കല്‍ തുറമുഖത്തേക്ക് 1500 ടണ്‍ ശേഷിയുള്ള ചരക്കു കപ്പല്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം പരിഗണനയിലാണെന്നും പോര്‍ട്ട് ഡയരക്ടര്‍ ഷെയ്ഖ് പരീദ് അറിയിച്ചു. തുറമുഖത്തിന്റെ വികസനത്തിനായി ചരക്കു ഗതാഗതം സുഗമമാക്കാന്‍ മട്ടന്നൂര്‍-മൈസൂര്‍ പാത നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പും തുറമുഖ വകുപ്പും ഏകോപനമില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി അഡ്മിറല്‍ മോഹനന്‍ പറഞ്ഞു. തുറമുഖത്തിന്റെ പഞ്ചാത്തല സൗകര്യ വികസനത്തിനും റോഡ്-റെയില്‍ ഗതാഗതത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും എം പ്രകാശന്‍ അഭിപ്രായപ്പെട്ടു.
തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ നേരത്തെ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി നിര്‍ജീവമാണെന്നും ഇതു പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു അഭിപ്രായങ്ങള്‍ എഴുതി വാങ്ങിയ മന്ത്രി തുറമുഖത്തിന്റെ വികസനത്തിനു എല്ലാവിധ സഹായങ്ങളും അഭ്യര്‍ഥിച്ചു.
പി.കെ ശ്രീമതി എം.പി, കെ.എം ഷാജി എം.എല്‍.എ, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍കുമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാഭ്, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മഹേഷ് ചന്ദ്ര ബാലിക, സുശീല്‍ ആറോണ്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."