അവഗണനയുടെ പാളത്തില്‍ മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷന്
കുണ്ടറ: ദിവസം ആയിരത്തിലേറെ യാത്രക്കാര്‍ വന്നുപോകുന്നുണ്ടെങ്കിലും മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷന് ഇപ്പോഴും അവഗണനയുടെ പാളത്തില്‍.
മണ്‍റോതുരുത്ത്, പടിഞ്ഞാറെ കല്ലട, കിഴക്കേകല്ലട, പേരയം ഗ്രാമപഞ്ചായത്തുകാരും പെരുമണ്‍ പ്രദേശവാസികളും യാത്രക്കായി ഇവിടെയാണെത്തുന്നത്. എങ്കിലും ഇതിപ്പോഴും ഹാള്‍ട്ട് സ്റ്റേഷന് മാത്രമാണ്. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല.
ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിന്റെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു അപകടാവസ്ഥയിലാണ്. രണ്ടാംനമ്പര്‍ പ്ലാറ്റ്ഫാം കാടുമൂടി കിടക്കുന്നു. റെയില്പാതയേക്കാളും താഴ്ന്നു കിടക്കുന്ന പ്ളാറ്റ്ഫോമില്‍ നിന്നു ട്രെയിനില്‍ കയറണമെങ്കില്‍ സര്‍ക്കസ് അറിയണം. രാത്രികാലങ്ങളിലാണ് ഏറെ പ്രയാസം. പ്ലാറ്റ് ഫോമുകളില്‍ ആവശ്യത്തിനു വെളിച്ചവും ഇല്ല.
നിലവില്‍ പാസഞ്ചര്‍ ട്രെയിനുകളും മെമു സര്‍വീസുകളും ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറും ഇന്റര്‍സിറ്റി എക്സ്പ്രസ്സും ആണ് ഇവിടെ നിര്‍ത്തുന്ന ട്രെയിനുകള്‍. മുമ്പ് മലബാര്‍ എക്സ്പ്രസ്സിന് സ്റ്റോപ്പുണ്ടായിരുന്നു.
രണ്ട് ചെറിയ പാലങ്ങള്ക്കിടയിലായാണ് റയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. പതിനാല് ബോഗികള്‍ മാത്രമേ ഇതിനുള്ളില്‍ നില്ക്കൂ. കൂടുതല്‍ ബോഗികളുള്ള മലബാര്‍ എക്സ്പ്രസ്സ് നിര്‍ത്തുമ്പോള്‍ ആളുകള്‍ ട്രെയിനില്‍ നിന്ന് വെള്ളത്തില്‍ വീണ് അപകടമുണ്ടാകുമെന്ന കാരണം പറഞ്ഞ് സ്റ്റോപ്പ് പിന്‍വലിക്കുകയായിരുന്നു. പകരം ബോഗികള്‍ കുറവുള്ള മാവേലി എക്സ് പ്രസ്സിന് സ്റ്റോപനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റയില്‍വേ അംഗീകരിച്ചിട്ടില്ല.
പ്ലാറ്റ് ഫോമിന്റെ നീളം വര്‍ധിപ്പിക്കുന്നതിനും ഉയരം കൂട്ടുന്നതിനും പലപ്രാവശ്യം ഫണ്ട് അനുവദിച്ചെങ്കിലും കരാറെടുക്കാന്‍ ആളില്ലാത്തതിനാല്‍ നിര്‍മാണം നടത്താനായില്ല. മണ്‍റോതുരുത്ത് റയില്‍വേ സ്റ്റേഷന്റെ വികസനത്തിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."