ബി.ജെ.പി വര്‍ഗീയതക്ക് കവാടമൊരുക്കുന്നു: മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ
തൃശൂര്‍: വര്‍ഗീയതക്ക് കേരളത്തില്‍ എങ്ങിനെ പ്രവേശന കവാടം ഉണ്ടാക്കാം എന്നാണ് ബിജെപി ചിന്തിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സി.അംഗം മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ ഭരണം നടത്തുന്നവര്‍ കോഴിക്കോട് നിന്ന് കേരളത്തിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ നമ്മള്‍ ഡല്‍ഹിയിലേക്ക് കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിച്ചാണ് ബി.ജെ.പിയും നരേന്ദ്രമോദിയും അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുല്ലക്കര പറഞ്ഞു. കേരളത്തില്‍ അതിന്റെ വിത്തുകള്‍ പാകുന്നതിനുവേണ്ടിയാണ് അവസാനം അമിത്ഷാ വാമനനെ പ്രയോഗിച്ചതെന്നും ഒരു മിത്തിനെ തട്ടിയെടുക്കുമ്പോള്‍ ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണം എന്നത് കഴിഞ്ഞുപോയ നല്ലകാലത്തെക്കാള്‍ ഉപരി വരാനിരിക്കുന്ന നല്ലകാലമാണെന്നും മനുഷ്യന്‍ വലിയവനാകുന്ന മിത്താണ് മഹാബലിയുടെതെന്നും അതു തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകന്മാരെ ഹിന്ദുവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഗുരുവിനെ നേരിട്ടുതൊട്ടാല്‍ പൊള്ളും എന്നതുകൊണ്ടാണ് വെള്ളാപ്പിള്ളിയെ ഇടനിലക്കാരനായ് കൂട്ടുപിടിച്ചത്. പശു നിയമം വഴി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സാധാരണ മനുഷ്യന്റെ രക്തം ബി.ജെ.പി തങ്ങളുടെ വളര്‍ച്ചക്കുള്ള വെള്ളവും വളവുമാക്കുകയാണ്.
നവോഥാനത്തിന്റെ ബാക്കിപത്രം കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ബി.ജെ.പി കേരളത്തെ ഭയക്കുന്നത്. മതേതരത്വം ഇന്ത്യയില്‍ കൊണ്ടുവരാന്‍ യുവാക്കള്‍ക്കു സാധിക്കുമെന്നും ഇതിനായ് പുതിയ സമരരീതി സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വി ജെ ബെന്നി അധ്യക്ഷനായി. സി.എന്‍ ജയദേവന്‍ എം.പി, അഡ്വ. കെ.രാജന്‍ എം.എല്‍.എ, കെ.കെ വത്സരാജ്, ടി.ആര്‍ രമേശ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."