പച്ചത്തേങ്ങയുടെ സംഭരണവില ഇനിയും ലഭിച്ചില്ല
കഞ്ചിക്കോട്: ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം നിലച്ചതും സംഭരണവില ലഭിക്കാത്തതും കേരകര്‍ഷകര്‍ക്ക് ഇത്തവണയും ഓണത്തിന് ഏറെ ദുരിതം തീര്‍ത്തു. കിലോ 25 രൂപ നിരക്കില്‍ കേരഫഡ് നടത്തിയ പച്ചത്തേങ്ങ സംഭരണം നിലച്ചിട്ടു നാലു മാസമായി. സംഭരണ വിലയായി കൃഷി വകുപ്പ് 69 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. സംഭരണം പുനഃരാരംഭിക്കാനും വില കുടിശിക ലഭിക്കാനും ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരും.
സര്‍ക്കാരില്‍ നിന്നു പണം ലഭിക്കാത്തതും കേരഫെഡിലെ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്ഥിതി ഗുരുതരമാക്കിയത്. കേരഫെഡിന്റെ കൈവശമുള്ള കൊപ്രയും വെളിച്ചണ്ണയും മറ്റ് ഉല്‍പന്നങ്ങളും വിറ്റഴിച്ചു കുടിശിക തീര്‍ക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. സംഭരിച്ച 9000 ടണ്‍ തേങ്ങ കെട്ടിക്കിടക്കുകയാണ്.
മിക്കയിടത്തും തേങ്ങകള്‍ മുളച്ചുപൊന്തിയ നിലയിലാണ്. വില കുടിശിക തീര്‍ക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നു സര്‍ക്കാര്‍ ഗാരണ്ടിയില്‍ 70 കോടി രൂപ വായ്പയെടുക്കാന്‍ വകുപ്പു നടപടി ആരംഭിച്ചെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭിച്ചില്ല. നാളികേര വില താഴ്ന്നതിനെ തുടര്‍ന്നു ദുരിതത്തിലായ കേര കര്‍ഷകരെ സഹായിക്കാന്‍ 2013 ജനുവരി ഒന്നിനാണു 380 കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. 1,28,000 ടണ്‍ തേങ്ങ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു 380 കോടി രൂപ ലഭിച്ചു. തേങ്ങ കൊപ്രയാക്കുന്നതിന് 20 സ്ഥലങ്ങളില്‍ ഡ്രയറുകള്‍ സ്ഥാപിക്കുകയും കേര ഹെയര്‍ ഓയല്‍ ഉള്‍പ്പെടെ എട്ടു മൂല്യവര്‍ധിത ഉല്‍പ്പപന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ ഇറക്കുകയും ചെയ്തു.
കര്‍ഷകര്‍ക്കുള്ള കുടിശിക തീര്‍ക്കുന്നതിനൊപ്പം സംഭരണം 500 കൃഷിഭവനുകളിലേക്കു വ്യാപിപ്പിക്കുന്നതിനുള്‍പ്പെടെ കഴിഞ്ഞമാസം വകുപ്പു തീരുമാനമെടുത്തെങ്കിലും സാമ്പത്തികസ്ഥിതി തടസമായി. അതിനിടെ കേരഫെഡിന്റെ സംഭരണത്തില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നുവന്ന വകുപ്പ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിജിലന്‍സിനു വിടുകയും ചെയ്തു. പൊതുവിപണിയില്‍ തേങ്ങയ്ക്ക് കിലോ 12 മുതല്‍ 15 രൂപവരെയാണ് ഇപ്പോള്‍ വില. സംഭരണം നിലച്ചതോടെ കുറഞ്ഞ വിലയാണു കച്ചവടക്കാര്‍ നല്‍കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."