വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക മര്‍ദിച്ച സംഭവം: സ്‌കൂളിനു മുന്നില്‍ വന്‍പ്രതിഷേധം
പാലക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കരണത്തടിച്ച് പല്ലിളക്കിയ സംഭവത്തില്‍ പാലക്കാട്ടെ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. സെന്റ് സെബാസ്റ്റ്യന്‍ എയ്ഡഡ് സ്‌കൂളിനു മുന്നിലും തുടര്‍ന്ന് നഗരസഭക്കു മുന്നിലും നടന്ന പ്രതിഷേധ ധര്‍ണ്ണ സ്വാതന്ത്ര്യ സമര സേനാനി അമ്പലപ്പാറ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റും ജൈവകൃഷി പ്രചാരകനുമായ പുതുശ്ശേരി ശ്രീനിവാസിന്റെ മകന്‍ ആനന്ദ് ശ്രീനിവാസനെയാണ് സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്നമേരി മുഖത്തടിച്ച് പരുക്കേല്‍പ്പിച്ചത്.
അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ല് ഇളകിപ്പോയി. നാലുദിവസമായി ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആനന്ദ് ഇന്നലെയാണ് ആശുപത്രി വിട്ടത്. അധ്യാപികയെ പുറത്താക്കണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂടി ചേര്‍ന്ന് പ്രതിഷേധമാര്‍ച്ച് നടത്തിയത്.
മുന്‍മന്ത്രി വി.സി കബീര്‍, കെ.എം ഹിലാല്‍, പുതുശ്ശേരി ശ്രീനിവാസന്‍, ഗിരീഷ് കടുന്തുരുത്തി, വിശ്വകുമാരന്‍ നായര്‍, മുണ്ടൂര്‍ രാമകൃഷ്ണന്‍, കെ. ചെന്താമരാക്ഷന്‍, വി.പി നിജാമുദ്ധീന്‍, സന്തോഷ് മലമ്പുഴ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാകലക്ടര്‍, ജില്ലാപൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാകലക്ടറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനസികാഘാതത്തില്‍ നിന്ന് മുക്തിനേടാന്‍ ആനന്ദിന് കൗണ്‍സിലിങ് നല്‍കാനും സ്‌കൂളില്‍ കുട്ടിക്ക് പഠനാന്തരീക്ഷം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മര്‍ദനമേറ്റ ആനന്ദിനൊപ്പം രക്ഷിതാക്കളും പരാതിയുമായി എത്തിയ പശ്ചാത്തലത്തില്‍ സ്‌കൂളിലേക്ക് ഒരു കൗണ്‍സിലിങ് ടീമിനെ അയക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, എ.ഇ.ഒ വിജയന്‍ ആശുപത്രിയിലെത്തി കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."