ട്രംപ് പ്രസിഡന്റാകുമെന്ന് 30 വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രവചിച്ച പ്രൊഫസര്‍
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് 30 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയായി പ്രവചിച്ച പ്രൊഫ.അലന്‍ ലിച്ച്മാന്‍. 1984 മുതലുള്ള എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രൊഫ.ലിച്ച്മാന്റെ പ്രവചനം ശരിവച്ചിരുന്നു. ഏതായാലും ട്രംപാണ് ഇത്തവണ വൈറ്റ് ഹൗസിലെത്താന്‍ പോകുന്നതെന്നാണ് ലിച്ച്മാന്റെ പ്രവചനം. വാഷിങ്ടണിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ ചരിത്രാധ്യാപകനാണ് അലന്‍ ലിച്ച്മാന്‍.
ദ കീസ് ടു വൈറ്റ് ഹൗസ് എന്ന പേരില്‍ ഈ പ്രവചനത്തിന് ആധാരമായ കാരണങ്ങള്‍ ലിച്ച്മാന്‍ നിരത്തുന്നു. 13 ശരി അല്ലെങ്കില്‍ തെറ്റ് ചോദ്യങ്ങളാണ് കീസ് ടു വൈറ്റ് ഹൗസ്. ട്രൂ എന്നാണ് ഉത്തരമെങ്കില്‍ ഭരണകക്ഷി തന്നെ അധികാരത്തില്‍ തുടരും. അല്ലെങ്കില്‍ മറിച്ചും.
ആറോ അതിലധികമോ ചോദ്യങ്ങള്‍ക്ക് ഉത്തരം ഫാള്‍സ് എന്നാണെങ്കില്‍ അത് അധികാരത്തില്‍ ഇരിയ്ക്കുന്ന പാര്‍ട്ടിക്ക് എതിരായി വരും. ആറില്‍ കുറവാണെങ്കില്‍ ഭരണകക്ഷി തുടരും. ഇങ്ങനെയൊക്കെയാണ് കണക്കുകൂട്ടലുകള്‍. പ്രവചനം വെറും കറക്കിക്കുത്തല്ലെന്നാണ് ലിച്ച്മാന്റെ അവകാശവാദം. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങളും അതില്‍ പ്രതിഫലിക്കാറില്ല. ശാസ്ത്രീയമാണ് തന്റെ രീതിയെന്നും ലിച്ച്മാന്‍ അവകാശപ്പെടുന്നു. 2008ല്‍ ബരാക് ഒബാമയ്ക്കുണ്ടായിരുന്ന ജനസമ്മിതിയോ അംഗീകാരമോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനില്ലെന്നാണ് ലിച്ച്മാന്റെ അഭിപ്രായം.
1984ന് ശേഷം പ്രവചിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ഇങ്ങനെയൊരു അവസ്ഥയുണ്ടാക്കിയത് ട്രംപാണെന്നും ലിച്ച്മാന്‍ അഭിപ്രായപ്പെട്ടു. നവംബര്‍ എട്ടിനാണ് യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."