ശ്രീനാരായണഗുരുവിനെ ചില സംഘടനകള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നു: വി.എം സുധീരന്
പറവൂര്‍: ശ്രീനാരായണഗുരുവിനെ ചില സംഘടനകള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. 'നാം പ്രത്യേക ജാതിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന ശ്രീനാരായണഗുരുവിന്റെ മഹാവിളംബരത്തിന്റെ നൂറാമത് വാര്‍ഷികത്തോടനുബന്ധിച്ച് കരിമ്പാടം ധര്മ്മാര്ഥദായിനി സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സംഘടന ഗുരുവിനെ ഹിന്ദു സന്ന്യാസിയെന്ന് വിശേഷിപ്പിച്ചു. അവരവരുടെ താല്പര്യങ്ങള്ക്കു വേണ്ടി ഗുരുവിന്റെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു.
നമുക്ക് ജാതിയില്ലെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വിളംബരം നടത്തിയ ഗുരുവിനെയാണ് ഒരു മതത്തിന്റെ വേലിക്കെട്ടില്‍ തളച്ചിട്ടാന്‍ ശ്രമിക്കുന്നതില്‍പ്പരം ഗുരുനിന്ദ മറ്രൊന്നുമില്ല. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗുരുവിന്റെ സന്ദേശങ്ങളോട് എത്രമാത്രം നീതിപുലര്‍ത്താന്‍ സാധിച്ചുയെന്ന് വിലയിരുത്തേണ്ടതുണ്ട്.
വര്‍ഗീയതയുടേയും രാഷ്ട്രീയത്തിന്റേയും പേരില്‍ കേരളത്തില്‍ നടക്കുന്ന ചോരകളികള് അവസാനിപ്പിക്കണമെന്നും വി.എം.സുധീരന് പറഞ്ഞു. ഡി.ഡി സഭ പ്രസിഡന്റ് എം.കെ.ചിദംബരന് അധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍, സഭ സെക്രട്ടറി കെ.കെ.മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."