തൃക്കാക്കരയിലെ പുതിയ പബ്ലിക്ക് ലൈബ്രറിയില്‍ വായന മരിക്കുന്നു...
കാക്കനാട്: കുട്ടികളില്‍ വായനശീലം വളര്‍ത്തേണ്ടത് ആവശ്യമാണ്. മനുഷ്യന്റെ ബുദ്ധിപരമായ വികസനത്തിനും ചിന്താശേഷിക്കും ഭാഷാപ്രയോഗത്തിനും അത് അത്യാവശ്യമാണ്. ആധുനിക വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യയ്ക്ക് വളരെയേറെ പ്രാധാന്യവുമുണ്ട്.
എന്നാല്‍ തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള പുതിയ പബ്ലിക്ക് ലൈബ്രറിയില്‍ വായനക്കിടമില്ലാതായിട്ട് ഒരു വര്‍ഷമായി. കാക്കനാട് ഇന്‍ഫൊ പാര്‍ക്ക് റോഡില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനു സമീപം ലക്ഷങ്ങള്‍ മുടക്കി മുന്‍ ഭരണ സമിതി നിര്‍മാണം പുര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സ്കൂള്‍ വിദ്യാര്‍ഥികളും മറ്റും നിരന്തരമായി പരാതി പറഞ്ഞിട്ടും ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ അലംഭാവം കാണിക്കുകയാണ് നഗരസഭ.
എന്നാല്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും മറ്റും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും, പല കൗണ്‍സിലര്‍മാരും ഇതിനെക്കുറിച്ചു ഒന്നുമറിയില്ല എന്നാണ് പറയുന്നത്. അതേസമയം സഹകരണ ആശുപത്രിയുടെ അടുത്ത് നിലവില്‍ ഉപയോഗിക്കുന്ന പഴയ കെട്ടിടത്തിലാണെങ്കില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ആശുപത്രിയിലെ സന്ദര്‍ശകര്‍ ഉള്‍പ്പെടെ അനേകം ആളുകളാണ് ദിനവും പത്രം വായിക്കാന്‍ ഇവിടെയെത്തുന്നത്. കെട്ടിടത്തിന് ചോര്‍ച്ചയുള്ളതിനാല്‍ മഴ പെയ്താല്‍ അകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്.
തൃക്കാക്കരയില്‍ പല ക്ലബ്ബുകളുടെ കീഴിലും വായനശാലകള്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടെ പണി തീര്‍ത്ത നഗരസഭയുടെ പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തിക്കാന്‍ അധികൃതരുടെ കരുണ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."