അപ്രതീക്ഷിതം ഈ പടിയിറക്കം
കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ എം.വി ജയരാജന്‍ പരിയാരത്തു നിന്നു പടിയിറങ്ങുന്നത് അപ്രതീക്ഷിതമായി. നിലവില്‍ വൈസ് ചെയര്‍മാനായിരുന്ന ശേഖരന്‍ മിനിയോടനു പകരം ചുമതല നല്‍കിയാണ് പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ ഉച്ചയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നേരത്തെ എം.വി ജയരാജനെ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് തലശേരിയില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാസെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതോടെ സംഘടനാ തലത്തിലുളള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പരിഗണിച്ച് തന്നെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ജയരാജന്‍ ഇന്നലെ രാവിലെ പരിയാരത്ത് നടന്ന മെഡിക്കല്‍ കോളേജ് ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു പരിഗണിച്ച ഭരണസമിതി പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനായി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു. തീരുമാനം വരുന്നതുവരെ നിലവിലെ വൈസ്‌ചെയര്‍മാനായിരുന്ന ശേഖരന്‍ മിനിയോടന് ചെയര്‍മാന്റെ ചുമതല നല്‍കുകയും ചെയ്തു. പി പുരുഷോത്തമന് വൈസ് ചെയര്‍മാന്റെ ചുമതലയും നല്‍കി. സര്‍ക്കാരില്‍ നിന്നു പരിയാരം മെഡിക്കല്‍ കോളജിന് ലഭിക്കാനുള്ള കുടിശ്ശികത്തുക എത്രയും വേഗം അനുവദിക്കുക, എം.പി, എം.എല്‍.എ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ പദ്ധതിയും ഫണ്ടും പരിയാരത്തിനു ലഭ്യമാക്കുക, പരിയാരത്ത് ഇം.എസ്.ഐ ഡിസ്‌പെന്‍സറി അനുവദിക്കുക, അവയവദാനം മഹാദാനം ബോധവത്കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, ഗതാഗതകുരുക്ക് പരിഹരിക്കുക, റോഡ് സുരക്ഷ കര്‍ശനമാക്കുക, സ്‌കൂള്‍ ആരോഗ്യ പദ്ധതിക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കുക, പരിയാരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക, പി.ജി വിദ്യാര്‍ഥികളുടെ ബോണ്ട് പരിയാരത്തും അനുവദിക്കുക, അവശ്യ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ വഴി ഡോക്ടര്‍മാരെ അനുവദിക്കുക, ഹരിതകേരളം പദ്ധതിക്കായി വിജയിപ്പിക്കുക ആരോഗ്യകരമായ പരിസ്ഥിതിക്കായി ഒരുമിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേയത്തിലൂടെ ഭരണസമിതിയോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."