ആഭ്യന്തര വൈദ്യുത ഉല്‍പാദനത്തില്‍ പിന്നോട്ട്; സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുന്നു
തൊടുപുഴ:കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും ആഭ്യന്തര ഉത്പാദനം പുറകോട്ടടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുന്നു. ലക്ഷ്യമിട്ട പല ജലവൈദ്യുത പദ്ധതികളും തുടങ്ങിവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല തുടങ്ങിയവ പോലും ഇഴഞ്ഞു നീങ്ങുകയാണ്. കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി യുണ്ടാക്കിയ ദീര്‍ഘകാല കരാറിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉടക്കുകൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം ഇന്ന് രാവിലെ പത്തിന് തുരുവനന്തപുരത്ത് ചേരും.
മുടങ്ങിക്കിടക്കുന്ന പള്ളിവാസല്‍ വിപുലീകരണം, തൊട്ടിയാര്‍ അടക്കമുള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് യോഗം തീരുമാനമെടുക്കും.റിവൈസ്ഡ് അഡ്മിനിസ്‌ട്രേറ്റീസ് സാങ്ഷന്‍ ആണ് ബോര്‍ഡിന്റെ പരിഗണനയിലുള്ളത്. ഈ രണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ത്തന്നെ100 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. രണ്ടുവര്‍ഷം കൊണ്ട് 300 മെഗാവാട്ട് വൈദ്യുതിയാണ് സര്‍ക്കാര്‍ ലക്ഷ്യം.യോഗത്തിന് മുന്നോടിയായി നിര്‍മാണത്തിലിരിക്കുന്നതും മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികളുടെ പ്രൊജക്ട് മാനേജര്‍മാരടക്കമുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്തിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ആന്റണിയും കെ.എസ്.ഇ. ബി ചീഫ് വിജിലന്‍സ് ഓഫിസര്‍ എ.ഡി.ജി.പി കെ.പത്മകുമാറും മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതി മേഖലകളില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
100 മെഗാവാട്ടിന്റെ രണ്ട് വന്‍കിട പദ്ധതികളും 81.5 മെഗാവാട്ടിന്റെ എട്ട് ചെറുകിട പദ്ധതികളുമാണ് നിര്‍മാണത്തിലിരിക്കുന്നത്. പള്ളിവാസല്‍ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്), തൊട്ടിയാര്‍(40) എന്നിവയാണ് വന്‍കിട പദ്ധതികള്‍. പെരുന്തേനരുവി(6),ബാരാപ്പോള്‍ (15),ആഡ്യന്‍പാറ (3.5), കക്കയം(3), ഭൂതത്താന്‍കെട്ട്(24), ചെങ്കുളം ഓഗ്‌മെന്റേഷന്‍, പൊരിങ്ങല്‍കുത്ത് (24), ചാത്തംകോട്ട്‌നട (6) എന്നിവയാണ് ചെറുകിട പദ്ധതികള്‍.
പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണം75 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി നിര്‍മാണം തുടങ്ങി ഒമ്പതര വര്‍ഷം പിന്നിട്ടു. 268.01 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് ഇപ്പോള്‍തന്നെ 250 കോടിയോളം ചെലവാക്കി. ഇനിയും 200 കോടിയിലധികം മുടക്കേണ്ടിവരും പദ്ധതി പൂര്‍ത്തീകരിക്കാന്‍. 42 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ട തൊട്ടിയാര്‍ പദ്ധതി 35 മാസങ്ങള്‍ പിന്നിടുമ്പോള്‍ പൂര്‍ത്തിയാക്കാനായത് 4.12 ശതമാനം ജോലികള്‍ മാത്രമാണ്.
കരാറുകാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തൊട്ടിയാര്‍ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. നാലു പതിറ്റാണ്ടു മുമ്പ് ആലോചന തുടങ്ങിയ 40 മെഗാവാട്ടിന്റെ മാങ്കുളം ജലവൈദ്യുത പദ്ധതി ഇപ്പോഴും സ്ഥലമെടുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്. സിവില്‍ വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്ന ആരോപണം ബോര്‍ഡിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."