HOME
DETAILS
MAL
തേനെടുപ്പിന്റെ കാട്ടറിവുകള്‍
backup
April 27 2016 | 08:04 AM
മോളെന്റെ തേനല്ലേ എന്നു മക്കളെ കൊഞ്ചിക്കാത്ത അമ്മമാരുണ്ടാവില്ല. നമ്മുടെ മലയാളത്തിന്റെ മാതൃഭാഷയായ തമിഴില്‍ തേന്‍മൊഴി എന്നും തോനൊലി എന്നുമൊക്കെ കുട്ടികള്‍ക്കിപ്പോഴും പേരിടാറുണ്ട്. ഹണി എന്ന് വിദേശികളും തേനേ എന്ന് മലയാളികളും കുട്ടികളെയും ഇഷ്ടപ്പെട്ടവരെയും സ്‌നേഹത്തോടെ വിളിക്കാറുണ്ട്. ഭാഷയില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ആ തേന്‍രുചിയും മധുരവും നൂറ്റാണ്ടുകളിലൂടെ നമ്മുടെ അബോധത്തില്‍ ചേക്കേറിയതാണ്. പഴയ സംഘത്തിന്റെ ഭാഗമായിരുന്ന നമ്മുടെ കേരളം സമീപകാലം വരെ വലിയ ഒരു കാടായിരുന്നു. മലകളും കാടുകളും പറമ്പുകളും വയല്‍ക്കാടുകളും കുറ്റിക്കാടുകളും ചതുപ്പുകളും നിറഞ്ഞ ഒന്നായിരുന്നു. നൂറുകണക്കിന് പൂക്കള്‍ വിരിയുന്ന അനേകതരം ചെടികളുടെയും മരങ്ങളുടെയും സങ്കേതമായിരുന്നു കേരളം. അതുകൊണ്ടുതന്നെ പലതരം തേനീച്ചകളുടെ കൂടുകള്‍ കേരളത്തില്‍ സാധാരണമായിരുന്നു. നമ്മുടെ പഴയവീടുകളിലെ തട്ടിന്‍പുറങ്ങളിലും കഴുക്കോലുകളിലും മരങ്ങളിലും തേനീച്ചകളെ നാം അനുവദിച്ചിരുന്നു. ഓലമേയുന്ന വീടുകളില്‍ തേനീച്ചയെ കെണ്ടത്തുകയും തേനെടുക്കുകയും പതിവായിരുന്നു. നമ്മുടെ മണ്‍ചുവരുകളിലും വീടിന്റെ കഴുക്കോലുകളിലും തേന്‍കൂടുകള്‍ സാധാരണമായിരുന്നു.
ആദിവാസികളെന്നു നാഗരികര്‍ വിളിക്കുന്നതും കാട്ടില്‍ വസിക്കുന്നവരുമായ അനേകം വിഭാഗങ്ങളുണ്ട്. അവരെല്ലാം തന്നെ തേന്‍ ഭക്ഷിക്കുന്നവരും ശേഖരിക്കുന്നവരും സൂക്ഷിച്ചുവയ്ക്കുന്നവരും തേനീച്ചകളെ സംരക്ഷിക്കുന്നവരുമായിരുന്നു. പരിഷ്‌കൃതരുടെ വനവിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനം തന്നെ തേനാണ്. കാട്ടുനായ്ക്കരും തേന്‍കുറുമരും മലയരും കാണിക്കാരുമെല്ലാം തേനെടുക്കുന്നവരാണ്. ഇന്ന് ഇവരാണ് അവശേഷിക്കുന്ന കാടുകളില്‍ നിന്ന് തേന്‍ ശേഖരിച്ച് സഹകരണസംഘങ്ങള്‍ക്ക് നല്‍കുന്നത്.
തേന്‍കുറുമര്‍ എന്ന പേരില്‍ത്തന്നെ തേനുണ്ട്. തേനെടുക്കുന്നതില്‍ വിദഗ്ധരും തേനുമായി ബന്ധപ്പെട്ട കാട്ടറിവില്‍ പ്രവീണരുമാണ് തേന്‍കുറുമ്പര്‍. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് തേനെടുക്കാന്‍ പറ്റിയ പ്രകൃതിസന്ദര്‍ഭമായി ഇവര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കന്നി-തുലാം മാസങ്ങളും മീനം-മേടം മാസങ്ങളുമാണവ. മീനം, മേടങ്ങളിലെ തേനാണ് ഏറ്റവും രുചിമധുരങ്ങളുള്ളത്. കന്നി, തുലാം മാസങ്ങളിലെ തേനിന് കട്ടികുറവും തെല്ലു കയ്പുമുണ്ടായിരിക്കും. കന്നിയിലാണ് മത്തി പൂക്കുന്നത്. മത്തിപ്പൂക്കളുടെ തേനിന് കശര്‍പ്പുണ്ടാവും.
തേന്‍കൂടുള്ള മരം കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യുന്നത്. കണ്ടുപിടിച്ചാലതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കണം. അതിന് ചില അലിഖിതമായ രീതികളുണ്ട്. മരത്തിന്റെ ചുറ്റുമുള്ള അടിക്കാട് തെളിക്കുകയാണ് ആദ്യം ചെയ്യുക. അവകാശത്തിനായി മരത്തിനു മുകളില്‍ ഒരിടത്ത് രണ്ടു പടികള്‍ സ്ഥാപിക്കുകയും ചെയ്യാറുണ്ട്. തേനെടുക്കാനുള്ള ദിവസം തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തുകയാണ് പിന്നീട് ചെയ്യുക. നാലഞ്ചാളുകളുടെ കൂട്ടങ്ങളായിട്ടാണ് പുറപ്പെടുക. കാട്ടില്‍ നിന്നു തന്നെ മുളവെട്ടി വള്ളികള്‍ കൊണ്ട് കെട്ടിയ ഏണിയുണ്ടാക്കുന്നു. തേന്‍കൂടുള്ള മരങ്ങളുടെ ചുവട്ടില്‍ പൂജയും ചെയ്യാറുണ്ട്. തേങ്ങ, പഴം, വെല്ലം, മലര്, ചന്ദനത്തിരി തുടങ്ങിയവയാണ് സമീപകാലങ്ങളിലെ പൂജാസാമഗ്രികള്‍. അപകടമില്ലാതെ തേനധികം ലഭിക്കാനാണ് പൂജ ചെയ്യുന്നത്. തേന്‍കൂടില്‍ നിന്ന് മെഴുക് ശേഖരിക്കാനുള്ള പാത്രങ്ങള്‍ കരുതിയിട്ടുണ്ടാകും. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും സാമഗ്രികളും കൂടി കരുതുന്ന രീതി ഇന്നുണ്ട്. പണ്ട് കാട്ടില്‍ നിന്നു തന്നെ പഴങ്ങളോ മറ്റു തരം കിഴങ്ങുകളോ ശേഖരിക്കാനാകുമായിരുന്നു. എടുക്കുന്നതില്‍ നിന്നുള്ള തേനിന്റെ ഒരു ഭാഗം പങ്കിട്ടു കഴിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് തേനെടുക്കുന്നത് വില്‍ക്കാനായതുകൊണ്ട് ഭക്ഷണം വേറെ കരുതുന്നത് നിര്‍ബന്ധമായിത്തീര്‍ന്നു. രാത്രിയിലാവും തേനെടുക്കാന്‍ മരത്തില്‍ കയറുക. തേനെടുക്കുമ്പോള്‍ ഈച്ചകള്‍ ആക്രമിക്കാതെ അകന്നു പോകാന്‍ ചൂട്ടിന്റെ പ്രയോഗമുണ്ട്. തീ ആളിക്കത്താതെ പുക സൃഷ്ടിക്കുന്ന രീതിയില്‍ ചൂട്ട് കത്തിക്കാനായി നേരത്തെ തന്നെ ഒക്കെ തയാറാക്കുന്നു. തീയാളിയാല്‍ തേനീച്ചകള്‍ അതിലാകര്‍ഷിക്കപ്പെട്ട് ചത്തു പോകാനിടയുണ്ട്. കാട്ടിലെ ചെടികളായ ജേനുകിഡും കൈരി കിഡുമാണ് അതിനുത്തമം. അവയുണക്കിയ രീതിയില്‍ ശേഖരിച്ചിട്ടുണ്ടാവും.
മുളയേണിയിലൂടെ ചൂട്ടും കയറുമായി രണ്ടുപേര്‍ മരത്തില്‍ കയറുന്നു. പണ്ട് വള്ളിയാണ് കയറിനായി ഉപയോഗിച്ചിരുന്നത്. ചൂട്ടില്ലാതെ തന്നെ തേനെടുക്കാനുള്ള വൈദഗ്ധ്യം പണ്ടുള്ളവര്‍ക്കുണ്ടായിരുന്നു. തേനീച്ച ആക്രമിക്കാതെ അവയെ കൈകാര്യം ചെയ്യാനുള്ള കാട്ടറിവ് ഇന്ന് ഇല്ലാതായിട്ടുണ്ട്. ഒരാള്‍ ചൂട്ടു കത്തിച്ച് തേന്‍കൂടിനു താഴെയായി വീശിക്കൊണ്ടിരിക്കും. തേനീച്ച മുഴുവന്‍ അവിടെ നിന്ന് മാറിപ്പോയാല്‍ രണ്ടാമന്‍ ഒരു മുളങ്കോലിന്റെ ചെത്തിയ ഭാഗം കൊണ്ട് തേനീച്ചക്കുഞ്ഞുങ്ങളുള്ള തേന്‍കൂടിന്റെ മൂടുഭാഗം മുറിച്ച് മാറ്റിവയ്ക്കുന്നു. പിന്നെ തേനടരുകള്‍ മുറിച്ച് പാത്രത്തില്‍ നിറച്ച് കയറുവഴി താഴെയെത്തിക്കുന്നു. ചൂട്ടും പാത്രവുമെല്ലാം കയറുവഴിയാണ് എത്തുന്നത്. പിന്നീട് മെഴുകു വേര്‍തിരിച്ച് തേന്‍ പിഴിഞ്ഞ് മുളങ്കുറ്റികളില്‍ അടച്ചു സൂക്ഷിക്കുന്നു. തേനില്‍ ചില പ്രത്യേക തരം ഇലച്ചാറുകള്‍ ചേര്‍ത്ത് ഔഷധഗുണമുണ്ടാക്കാറുണ്ടത്രേ. കരിമരുതിന്റെ ഇലയുടെ കുഴമ്പ് തേനില്‍ ചേര്‍ക്കാറുണ്ട്.
കാട്ടുനായ്ക്കര്‍ തേനെടുക്കുന്നത് രാത്രിയില്‍ തന്നെയാണ്. കിഴങ്ങുകള്‍ കഴിഞ്ഞാല്‍ അവരുടെ മുഖ്യാഹാരം തേനായിരുന്നു. നാലുതരം തേനുïെന്നാണ് അവര്‍ പറയുന്നത്. ഒരു വലിയ തേനും മൂന്നു ചെറിയ തേനും. തറയിലും പുരയിലുമാണ് കൊതുകുതേനുണ്ടാകുന്നത്. മരപ്പൊത്തുകളിലാണ് പുറ്റുതേനുണ്ടാകുന്നത്. കോലുകളില്‍ കോലുതേനുണ്ടാകുന്നു. ഇവ മൂന്നുമാണ് ചെറുതേന്‍. കൊച്ചുതേന്‍ കൊച്ചിടങ്ങളിലുണ്ടാകുന്നു. പൂവത്തി, കരിമരുത്, താന്നി എന്നിവ പൂക്കുമ്പോള്‍ തേനിന് കയ്പു രസം വരുന്നു. ഇവയുടെ പൂമ്പൊടികള്‍ തേനീച്ചകള്‍ വഴിയെത്തുന്നു. എത്ര വലിയ മരത്തിലും ആദിവാസികള്‍ അനായാസം കയറുന്നു. മരത്തില്‍ ഒരാള്‍മാത്രമായും കയറാറുണ്ട്. ബര എന്ന തേന്‍കൂട്ടില്‍ നിന്ന് തേനെടുത്താല്‍ വീണ്ടും അതേ കൂട്ടില്‍ത്തന്നെ തേനീച്ചകള്‍ തേന്‍ ശേഖരിക്കാറുണ്ട്. ഒരു മരത്തില്‍ പത്തിലധികം ബരകള്‍ ഉണ്ടാകാറുണ്ട്. ഒരു ബരയില്‍ നിന്ന് 30 ലിറ്റര്‍ വരെ തേന്‍ ലഭിക്കുന്നു.
നീലഗിരിയിലെ കാട്ടുനായ്ക്കര്‍ തേനിന് ജേന്‍ എന്നാണ് പറയുക. കൊമ്പുതേന്‍ (വലിയ മരങ്ങളില്‍ നിന്നെടുക്കുന്ന തേന്‍), തുടെജേന്‍ (മരപൊത്തുകളില്‍ താഴേയ്ക്ക് പറ്റിപ്പിടിച്ചിരിക്കുന്നവ), നസര്‍ജേന്‍(കൊതുകുതേന്‍), കടിജേന്‍ (പൊന്തകളിലും കാപ്പിച്ചെടികളിലും കാണുന്നവ) എന്നിങ്ങനെ പലതരമാണിവര്‍ക്ക്. കൊമ്പുതേനാണ് വേനലില്‍ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണിവര്‍ക്ക് തേന്‍ സുലഭമായി ലഭിക്കുന്നത്.
മലയര്‍ തേനീച്ചകളെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നു. അവരുടെ കാട്ടുകഥകളിലൊന്നില്‍ മരത്തോട് അനുവാദം ചോദിച്ചിട്ടാണ് തേനീച്ച കൂടുകൂട്ടുന്നത്. എന്നെയെടുക്കാന്‍ ചൂട്ടും ആളും ആട്ടാംവള്ളിയും വരുമ്പോള്‍ താങ്ങാമോ എന്ന് മരത്തോട് അനുവാദം വാങ്ങുന്നു. കാടിന്റെ മനസാണ് ഈ ചോദ്യത്തിലെ തേനീച്ചയുടെ വിശാലഹൃദയത്തില്‍ പ്രതിഫലിക്കുന്നത്. മലയനും മലയത്തിയുമൊരുമിച്ചാണ് തേനെടുക്കാന്‍ പോകുന്നത്. നിലാവില്ലാത്ത രാത്രിയിലാണ് പോകുക. മുളയാണിയടിച്ച് ഈറ്റകെട്ടിയുണ്ടാക്കുന്ന പടിയിലൂടെയാണ് വലിയമരത്തില്‍ തേനെടുക്കാന്‍ കയറുന്നത്. വക്കനാരു കൊണ്ടുണ്ടാക്കുന്ന ആട്ടാംവള്ളിയില്‍ മലയത്തി തേന്‍പാട്ടയും മുക്കാലാഞ്ഞിയും വച്ചുകെട്ടിക്കൊടുക്കുന്നു. തേനിളക്കമെന്നാല്‍ തേന്‍മൂളലാണ്. അതുവച്ചാണ് തേനീച്ചക്കൂടിന്റെ സാന്നിധ്യമറിയുക. ആറുതരം തേനിനെക്കുറിച്ചാണ് മലയര്‍ പറയുന്നത്. വന്‍തേന്‍, ചെറുതേന്‍, ചീളേന്‍, കോല്‍ത്തേന്‍, കുറുന്തേന്‍, ചപ്പേന്‍ എന്നിവയാണവ. വാഴപ്പുന്ന, വടപ്പുന്ന, ചെറുപുന്ന, പൂള, കരിഞ്ചുരുളി, പോങ്ങ്, പാമരം എന്നിവയുടെ പൂക്കളാണ് തേന്‍പകരുന്നവയില്‍ പ്രധാനം.
കാണിക്കാരും തേനെടുക്കുന്നവരാണ്. കാണിക്കാര്‍ ഈച്ചയുടെ കുത്തേല്‍ക്കാതിരിക്കാന്‍ കാട്ടുചണ്ണയരച്ച് മുഖത്തും ശരീരത്തിലും തേയ്ക്കുന്നു. ഇവര്‍ തേനീച്ച കുത്തിയാല്‍ ആ ഭാഗത്ത് നൂലിയില അരച്ചു പുരട്ടുന്നു. നീരു വരുമ്പോള്‍ കടമാഞ്ചേരിയില അരച്ചു പുരട്ടുന്നു.
മെഴുകും തേനീച്ചയുടെ സംഭാവനയായി ലഭിക്കുന്നതാണ്. തേന്‍കൂടുകളില്‍ നിന്ന് തേന്‍ പിഴിഞ്ഞ ശേഷം മെഴുക് വേര്‍തിരിച്ചെടുക്കുന്നു. വലിയ പാട്ടകളിലിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുന്നു. പിന്നെ ചാക്കിലാക്കി പിഴിയുന്നു. അപ്പോള്‍ കിട്ടുന്ന നല്ല മെഴുക് പാത്രങ്ങളില്‍ നിറച്ചു വച്ച് ഉറപ്പിച്ചടുക്കുന്നു. പാത്രത്തിന്റെ ആകൃതിയില്‍ ലഭിക്കുന്ന മെഴുക് വില്‍ക്കാന്‍ തയാറാക്കുന്നു.
തേന്‍ പാട്ടുകളിലും കാട്ടു-നാട്ടുസാഹിത്യത്തിലും സാധാരണമായിരിക്കുക സ്വാഭാവികം. ഉള്ളാടരുടെ ഒരു തേന്‍പാട്ടില്‍ തേനിരിക്കുന്നിടം തെങ്ങിലെ കീഴ്മടലോലയിലാണ്.
''ഒന്നാം തെങ്ങുമ്മേയൊരു മടലോലെമ്മേ
കീഴ്മടലോലെമ്മെ തേനിരിപ്പ്
തേനെടത്തോണ്ടെളപ്പള്ളീ ചെന്നപ്പൊ
എടപ്പള്ളി പകവതി നീരാട്ടം
ആനക്കലര്‍ കൊമ്പിച്ച് ചന്ദനം പൊടി തൊട്ടു.''
തേനുമായി ബന്ധപ്പെട്ട കടങ്കഥകളും പഴഞ്ചൊല്ലുകളും കാടരില്‍ ധാരാളമാണ്. ഉത്തരം തേനീച്ച ഉത്തരമായി വരുന്ന കടംകഥകളുï്.-
'വെള്ളം പോലും കിട്ടാത്തിടത്തൊരാള്‍ കല്യാണം നടത്തുന്നു.'(ബട്ട കുറുമ്പര്‍)
'ആരോരുമില്ലാനാട്ടില്‍ പോയി രാജാവ് കുടുംബം നടത്തുന്നു.'(ബട്ട ക്കുറുമ്പര്‍)
'ദൈവത്തിന്റെ അരിച്ചാക്ക് തൊടാനും പാടില്ല തീണ്ടാനും പാടില്ല.'(പണിയര്‍)
ലോകമെമ്പാടുമുള്ള മനുഷ്യര്‍ ചരിത്രത്തിലുടനീളം ഇഷ്ടപ്പെടുന്നതാണ് തേന്‍. പൂക്കളില്‍ നിന്നും ഫലങ്ങളില്‍നിന്നും തേനീച്ചകള്‍(പ്രകൃതി) ശേഖരിച്ചു വയ്ക്കുന്ന തേന്‍ എടുക്കുന്നതില്‍ പ്രഗത്ഭരാണ് ലോകത്തിലെ മുഴുവന്‍ കാട്ടുവാസികളും. വണ്ടുകളും ശലഭങ്ങളും ചിലതരം കിളികളും പ്രാണികളുമെല്ലാം തന്നെ പൂക്കളിലെ തേന്‍ നുകരാനെത്തുന്നവരാണ്. അവരുടെ കണ്ണുവെട്ടിച്ച് ഈച്ചകള്‍ ശേഖരിച്ചു വയ്ക്കുന്ന തേന്‍ നമ്മുടെ നാട്ടുവൈദ്യത്തിലും അമ്മൂമ്മവൈദ്യത്തിലും ആയുര്‍വേദത്തിലും മതഗ്രന്ഥങ്ങളിലുമെല്ലാം അമൂല്യമായ ഭക്ഷണവും മരുന്നുമാണ്. ഖുര്‍ആനില്‍ തേനിനെയും തേനീച്ചയെയും പരാമര്‍ശിക്കുന്ന ഒരു അധ്യായം തന്നെയുണ്ട്; സൂറത്തുന്നഹ്ല്‍.
പ്രകൃതിജീവനത്തിത് വിലപിടിച്ച പ്രകൃതി വിഭവമാണ് തേന്‍. പ്രകൃതിയുടെ നാശം വിവിധതരം പൂക്കളെയും തേന്‍ലഭ്യതയെയും തേനീച്ചകളുടെ വിവിധജനുസുകളെയും ഇല്ലാതാക്കിയിട്ടുണ്ട്. തേന്‍ കച്ചവടക്കാര്‍ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ ഏറെയും പ്രകൃതിവിരുദ്ധമാണ്. പ്രകൃതി പഴയരീതിയില്‍ പുലര്‍ന്നാല്‍ മാത്രമേ സസ്യങ്ങളിലെയും ഈച്ചകളിലെയും നഷ്ടജനുസുകളെ നമുക്ക് വീണ്ടെടുക്കാനാവുകയുള്ളുവെന്ന് നാട്ടുപച്ച മനസിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."