സംഘര്‍ഷം പാര്‍ട്ടികള്‍ തമ്മില്‍; ദുരിതം നിരപരാധികള്‍ക്ക്
നാദാപുരം: കല്ലാച്ചിയില്‍ മൂന്നു ദിവസമായി തുടരുന്ന അക്രമത്തിനിടയില്‍ ദുരിതമനുഭവിക്കുന്നത് മുഴുവന്‍ നിരപരാധികള്‍ മാത്രം. സംഘര്‍ഷത്തിന്റെ പേരില്‍ വ്യാപക അക്രമമാണ് മൂന്നു ദിവസമായി നാദാപുരം മേഖലയില്‍ അരങ്ങേറുന്നത്. ഇതിനിടയില്‍ നിരവധി ആളുകളെയും വാഹനങ്ങളെയുമാണ് ആക്രമിക്കപ്പെട്ടത്. അക്രമിക്കപ്പെട്ടവരിലധികവും സംഭവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികളാണ്.
ജോലി കഴിഞ്ഞു തിരിച്ചു വരുന്നവരും ദൂരസ്ഥലങ്ങളില്‍ നിന്നും ഒന്നുമറിയാതെ വാഹനത്തില്‍ എത്തിപ്പെടുന്നവരുമാണ് സംഘര്‍ഷത്തില്‍ ബലിയാടാവുന്നതും പരുക്കേറ്റു ആശുപത്രികളിലുമാകുന്നതും.
സംഘര്‍ഷത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുന്ന വാഹനങ്ങളും നിരപരാധികളുടേതു തന്നെ. എല്ലാ അക്രമങ്ങളും ഇരുട്ടിന്റെ മറവിലാണ് അരങ്ങേറുന്നത്. അതിനാല്‍ തന്നെ മുതലെടുപ്പ് സംഘവും സജീവമാണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിവെക്കുന്ന അനുകൂല സാഹചര്യം ഇത്തരം സംഘങ്ങള്‍ക്ക് സഹായകരമാവുകയാണ്. രാഷ്ട്രീയ അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളും നിരവധിയാണ്. എന്നാല്‍ ഇവരില്‍ ഒരാളെപ്പോലും അറസ്റ്റു ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയാറില്ല.
പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റാണ് പിന്നീട് ഇവിടെ കേസുകളുടെ ഗതി നിര്‍ണയിക്കുന്നത്. ഇതോടെ പൊലിസിനും പണി എളുപ്പമാകുന്നു.ക്രിമിനലുകള്‍ ഇപ്പോഴും സുരക്ഷിതരും.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ മാറി നില്‍ക്കുന്നവരെയും പാര്‍ട്ടിക്കാര്‍ വെറുതെ വിടുന്നില്ല. ഇവരെ പാര്‍ട്ടിയോട് അടുപ്പിക്കാനും അവസരം വിനിയോഗിക്കുന്നു. എതിര്‍ പാര്‍ട്ടിക്കാര്‍ കേസില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പ്രതിപ്പട്ടികയില്‍ ഇത്തരക്കാരും ഉള്‍പ്പെട്ടിരിക്കും.
വസ്തുവകകളും സമ്പാദ്യങ്ങളും തകര്‍ത്തുകൊണ്ടുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ എന്നവസാനിക്കും എന്ന ചോദ്യമാണ് ഇവിടെയുള്ള സാധാരണക്കാരും സമാധാന കാംക്ഷികളും ചോദിക്കുന്നത്. ഓരോ സംഭവത്തിനു ശേഷവും മേഖലയില്‍ അക്രമത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റവും ആശങ്കയുളവാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."