ജില്ലയിലെ ആദ്യത്തെ റിങ് മെയിന്‍ യൂനിറ്റ് കുന്ദമംഗലത്ത് സ്ഥാപിച്ചു
കുന്ദമംഗലം: വിവിധ സബ് സ്റ്റേഷനുകളിലെ വൈദ്യുതി ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിള്‍ ശൃംഖലയുടെ റിങ് മെയിന്‍ യൂനിറ്റ് (ആര്.എം.യു) കുന്ദമംഗലത്ത് സ്ഥാപിച്ചു. കുന്ദമംഗലം പുതിയ ഷോപ്പിങ് കോംപ്ലക്സിന്റെ മുന്‍വശത്താണ് യൂനിറ്റ് സ്ഥാപിച്ചത്.
കുന്ദമംഗലം സബ് സ്റ്റേഷനെ കുറ്റിക്കാട്ടൂര്‍, മലാപ്പറമ്പ് സബ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന കേബിള്‍ ശൃംഖലയും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കേബിള്‍ ശൃംഖലയില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ റിമോട്ട് സംവിധാനം ഉപയോഗിച്ച് ഈ യൂനിറ്റുകളിലെ സ്വിച്ചുകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നതും മറ്റ് സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കാല് കഴിയും എന്നതുമാണ് ഇതിന്റെ സവിശേഷത.
വൈദ്യുതി തകരാര്‍ സംബന്ധിച്ച പ്രശനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ ഇത്തരത്തില്‍ അഞ്ഞൂറോളം യൂനിറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ജില്ലയിലെ ആദ്യത്തെ യൂനിറ്റാണ് കുന്ദമംഗലത്ത് സ്ഥാപിച്ചത് .
യൂനിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലീന വാസുദേവന്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷമീന വെള്ളക്കാട്ട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.വി. ബൈജു, എ.കെ.ഷൗക്കത്തലി, പി.പവിത്രന്, ബഷീര്‍ പട്ടാളിയില്‍, പി.പി.ശ്രീജ, ഷൈജ വളപ്പില്‍, കെ.എസ്.ഇ.ബി. എക്സി.എന്‍ജിനീയര്‍ ബോസ് ജോസ്, അസി.എക്സി.എന്‍ജിനീയര്‍മാരായ ഷിബു അലക്സ്, സ്മിത, അസി.എന്‍ജിനീയര്‍ അജിത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."