നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എം.എല്‍.എമാരെ വി.എസ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ്. എം.എല്‍.എമാരെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
യു.ഡി.എഫിലെ യുവ എം.എല്‍.എമാരായ ഷാഫിപറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരെ കാണാന്‍ എത്തിയില്ലെന്ന ആക്ഷേപമുണ്ട്. കൂടാതെ മന്ത്രിമാരും സമരക്കാരെ കണ്ടില്ല. എന്നാല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഭരണപക്ഷ എം.എല്‍.എമാരായ എം.എം മാണി, കെ.ബി ഗണേഷ് കുമാറും സന്ദര്‍ശിച്ചു. സമരത്തിന്റെ മൂന്നാംദിവസം വി.എസ് എത്തി ആരോഗ്യ സ്ഥിതി അന്വേഷിച്ചതില്‍ സന്തോഷമാണുള്ളതെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ പറഞ്ഞു.
സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പാണ് വി.എസ് സമരക്കാരെ കണ്ടത്. നിയമസഭാ തളത്തിനകത്തേക്കു കയറുന്ന വാതിലിനു മുന്‍പിലാണ് യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാര സമരം നടക്കുക. നിയമസഭ പിരിഞ്ഞ് പുറത്തേക്കു വരുന്ന എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും സമരം ഇരിക്കുന്ന എം.എല്‍.എമാരെ കാണാനാകും. എന്നിട്ടുപോലും മുഖ്യമന്ത്രിയും മന്ത്രിമാരും, ഭരണപക്ഷത്തെ യുവ എം.എല്‍.എമാരും സമരക്കാരെ കാണാനെത്തിയില്ല. അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം അനുഭാവ സത്യഗ്രഹം നടത്തിവന്ന മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സത്യഗ്രഹം ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയമസഭ ചേരാത്തതിനാല്‍ തിങ്കളാഴ്ച വരേയും സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അനുയായികളെ അണിനിരത്തി സമരം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."