എല്ലാവരും ചുരുളന്‍ വള്ളത്തില്‍
ചെറുവത്തൂര്‍: വക്കത്തോണിയും (മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന തോണി) മട്ടലിന്റെ(തെങ്ങോലയുടെ മുന്‍ഭാഗം) തുഴയുമായി 1958ല്‍ തുടങ്ങിയ വള്ളം കളി മത്സരത്തില്‍ ഇത്തവണ മുഴുവന്‍ ടീമുകളും മത്സരിക്കാനിറങ്ങുന്നതു ചുരുളന്‍ വള്ളത്തില്‍. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണു ടീമുകള്‍ വള്ളങ്ങള്‍ ഇറക്കിയിരിക്കുന്നത്. 58 വര്‍ഷം മുന്‍പ് കാര്യങ്കോട് പുഴയില്‍ കിഴക്കേമുറിയിലായിരുന്നു ഈ ജലോത്സവത്തിന്റെ തുടക്കം. അന്ന് ഒരാള്‍തുഴയും മത്സരമായിരുന്നു. കിഴക്കേമുറിയിലെ വള്ളം കളിക്ക് വലിയ ആയുസ്സുണ്ടായില്ല. 1970ല്‍ ചെറുവത്തൂര്‍ എന്‍.എ.എസ് ക്ലബാണ് കാര്യങ്കോട് വള്ളം കളിക്കു വീണ്ടും ജീവന്‍ നല്‍കിയത്. ഒരാള്‍, അഞ്ചാള്‍ തുഴയും വള്ളം കളിയായിരുന്നു മല്‍സര ഇനങ്ങള്‍. പിന്നീട് മയ്യിച്ച ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഏഴുവര്‍ഷം തുടര്‍ച്ചയായി കാര്യങ്കോട് പുഴയില്‍ വള്ളം കളി മത്സരത്തിന് ആതിഥേയത്വം വഹിച്ചു. തുടര്‍ന്നു മൂന്നു വര്‍ഷം ഉദയാ ക്ലബ് നേതൃത്വം നല്‍കി. വള്ളം കളി സംഘാടനത്തിലെ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ക്ലബുകള്‍ ഓരോന്നും പിന്നാക്കം പോയപ്പോള്‍ ഒരുവര്‍ഷം സംഘാടകരായി മര്‍ച്ചന്റ് അസോസിയേഷനും രംഗത്തെത്തി. വള്ളംകളി മത്സരത്തിന്റെ സംഘാടനം പലകൈകളിലൂടെ മാറിമറിഞ്ഞ് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജനകീയ സംഘാടക സമിതിയുടെ ചുമതലയിലാണിപ്പോള്‍. ഇതോടെയാണ് വള്ളംകളി ജലോത്സവമായി മാറിയത്. എങ്കിലും ജലോത്സവത്തിനു സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഇപ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."