ഗുരുവും ഗാന്ധിയും ആശ്രമങ്ങളേക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവര്‍ : ജസ്റ്റിസ് കെ സുകുമാരന്‍
കൊച്ചി: ആശ്രമങ്ങളേക്കാള്‍ ആശയപ്രചാരണത്തിന് പ്രാധാന്യം നല്‍കിയ ഗുരുവര്യന്‍മാരാണ് മഹാത്മഗാന്ധിയും ശ്രീനാരായണഗുരുവുമെന്ന് ജസ്റ്റിസ് കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങളേക്കാളും അനുഷ്ഠാനങ്ങളേക്കാളും പഠനത്തിനും ശാസ്ത്രീയബോധത്തിനും ഊന്നല്‍ നല്‍കി മാനവപുരോഗതിയ്ക്കായി പ്രയത്‌നിക്കാനുള്ള ആഹ്വാനമാണ് ഗാന്ധിയും ഗുരുവും നല്‍കിയത്. കാലം മുന്നോട്ടു പോകുമ്പോള്‍ ഗാന്ധിയുടെയും ഗുരുവിന്റെയും ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജസ്റ്റിസ്. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചത്.
ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദങ്ങള്‍ പതിഞ്ഞ മണ്ണാണ് ആലുവ. പുരോഗമനാശയങ്ങള്‍ക്ക് ഇവിടെ വേരോട്ടം ലഭിക്കാന്‍ ഇരുവരുടെയും സാന്നിധ്യവും കാരണമായി. ആത്മീയരംഗത്തെ പൊളിച്ചെഴുത്തിനും തൊഴിലാളി യൂണിയന്‍ രംഗത്ത് പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കും ആലുവ സാക്ഷിയായി. പര്‍വതനിരയുടെ പനിനീരായി ഒഴുകിയെത്തിയ പെരിയാറിന്റെ തീരങ്ങള്‍ വ്യവസായ പുരോഗതിയ്ക്ക് മാത്രമല്ല കലാസാംസ്‌കാരിക രംഗത്തെ വളര്‍ച്ചയ്ക്കും വളക്കൂറുള്ള മണ്ണായി മാറി. ഗാന്ധിജിയും ശ്രീനാരായണഗുരുവും മുന്നോട്ടു വച്ച സങ്കല്‍പ്പങ്ങള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രസ്ഥാനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്നും ജസ്റ്റിസ് സുകുമാരന്‍ അഭിപ്രായപ്പെട്ടു.
മഹാത്മഗാന്ധിയെ കുറിച്ചുള്ള കവിതകള്‍ ഉള്‍പ്പെടുത്തി പി.ആര്‍.ഡി പ്രസിദ്ധീകരിച്ച സമാഹാരം സ്‌കൂള്‍ ലൈബ്രറികള്‍ക്കു നല്‍കുന്നതിനായി ജസ്റ്റിസ് കെ. സുകുമാരന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന് കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് നിര്‍വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ കുന്നത്തുനാട് താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.ജി. സജീവ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, വി.കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല ശുചിത്വവാരാചരണത്തിന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ തുടക്കം കുറിച്ചു. സിവില്‍ സ്റ്റേഷന്‍ ഗാര്‍ഡനിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ മീനാകുമാരി, ബീന ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക് ആസ്ഥാനങ്ങളിലും മിനി സിവില്‍ സ്റ്റേഷനുകളിലും ശുചീകരണയജ്ഞത്തില്‍ ജീവനക്കാരും സന്നദ്ധസംഘടനകളും പങ്കെടുത്തു. എറണാകുളം ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും ശുചീകരണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."