നിയന്ത്രണം കടലാസില്‍
പാപ്പിനിശ്ശേരി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം കടലാസില്‍ മാത്രമായപ്പോള്‍ വളപട്ടണം പാലം കടക്കാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ്. ബസ് ഒഴികെയുള്ള നാലു ചക്രവാഹനങ്ങളെ കടത്തിവിടില്ലെന്ന നിര്‍ദേശം പാലിക്കാതായതോടെ കുരുക്ക് മുറുകി.
ബൈക്കുകളും ഓട്ടോയ്ക്കും പുറമേ കാറും മിനി ലോറികളും പാലത്തിലൂടെ നിര്‍ബാധം കടന്നുപോകുന്നുണ്ട്. പാലം കടക്കാന്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് പുതിയതെരു മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പയ്യന്നൂരില്‍ നിന്നുള്ള വാഹനങ്ങളും മണിക്കൂറുകളോളം കാത്തുകിടക്കേണ്ട സ്ഥിതിയായിരുന്നു. ഗതാഗത നിയന്ത്രണ സംഘവും പൊലിസുകാരും നോക്കുകുത്തിയായതോടെ നിയന്ത്രണം തോന്നിയപോലെയായി.
പാലത്തിന്റെ ഇരുഭാഗത്തും ഒരേപോലെ വാഹനങ്ങള്‍ പരന്ന് കിടന്നതും അനിയന്ത്രിതമായി കടന്നുപോകാന്‍ ശ്രമിച്ചതും രാവിലെ മുതല്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കിന് കാരണമായി. സ്ലാബുകള്‍ക്കിടയിലെ പഴയ എക്സ്പാന്ഷന് ജോയിന്റുകള്‍ മാറ്റി പുതിയത് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ജോലികള്‍ തുടരുകയാണ്. ഒരു ഭാഗത്ത് നടക്കുന്ന പ്രവൃത്തികളിള്‍ ആകെയുള്ള 15 ജോയിന്റുകളില്‍ 12 ജോയിന്റുകളുടെ വെല്‍ഡിങ് ജോലികളാണ് ഇന്നലെ പൂര്‍ത്തിയായത്.
സ്ലാബുകള്‍ക്ക് മുകളിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ തീരുന്നതോടെ എക്സ്പാന്ഷന് ജോയിന്റുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ശേഷം ഇതേ ഭാഗത്ത് പൊളിച്ച കോണ്‍ക്രീറ്റുകള്‍ക്ക് പകരം പുതിയത് നിര്‍മിക്കുന്ന പ്രവൃത്തികളും ആരംഭിക്കാനുണ്ട്. ഇതു തീര്‍ന്നാല്‍ അഞ്ച് ദിവസം കോണ്‍ക്രീറ്റ് ഉറക്കുന്നതിന് വേണ്ടിവരും. ഇതിനു ശേഷം മറുവശത്തെ ജോലികള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."