HOME
DETAILS
MAL
‘വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എം’- ഉമ്മന്‍ചാണ്ടി
backup
May 09 2016 | 05:05 AM
തിരുവനന്തപുരം: ജയിക്കാന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുന്നുവെന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് ആരോപണ പ്രത്യാരോപണങ്ങളില്‍ പുതിയ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബി.ജെ.പി വഴിമുട്ടിയപ്പോഴൊക്കെ വഴികാട്ടിയത് സി.പി.എമ്മാണെന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മാണ്. ഇത് എന്റെ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. അവ ഞാന്‍ സൂചിപ്പിക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാമനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ. യു.ഡി.എഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തില്‍ ഒരു എം.പി. ഉണ്ടാകുമായിരുന്നില്ലേ?. ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബി.ജെ.പി. പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യു.ഡി.എഫ്. ബി.ജെ.പി. ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.
ഇനി മഞ്ചേശ്വരത്തെ കണക്കുകള്‍ നോക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സി.പി.എമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എം. അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.എമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ. കേരളത്തിലും സി.പി.എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം. പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി.ജെ.പി. വോട്ട് പിടിച്ചത്. ഇത്തവണയും സി.പി.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ് ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണം. ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."