ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച; പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: മഞ്ചേശ്വരം കടമ്പാറില്‍ ദമ്പതികളുടെ കഴുത്തില്‍ കത്തി വച്ച് ബന്ദികളാക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണാഭരണങ്ങളും പണവും കാറും കൊള്ളയടിച്ച കേസിലെ നാലു പ്രതികളെയാണു കാസര്‍കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) നാലു ദിവസത്തേക്കു പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. മഞ്ചേശ്വരം കുണ്ടുകുളത്തെ ആബിദാ മന്‍സിലില്‍ അജ്ജു എന്ന മൊയ്തീന് അന്‍സാര്‍ (23), തൂമിനാട് ഹില്‍ടോപ് നഗറില്‍ സാക്കി മന്‍സിലിലെ അബ്ദുല്‍ റഹ്മാന് മുബാറക് എന്ന മുബാറക് (26), മഞ്ചേശ്വരം ഉദ്യാവര്‍ റെയില്‍വേ ഒന്നാം സിഗ്നലിനടുത്ത അഹമ്മദ് കോമ്പൗണ്ടില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍സാര്‍ (26), മഞ്ചേശ്വരത്തെ ഹമീദ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇംതിയാസ് (28) എന്നിവരെയാണു കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ രണ്ടുപ്രതികളെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും കാണിച്ചാണ് പൊലിസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രതികളെ അറസ്റ്റു ചെയ്തുവെങ്കിലും കവര്‍ച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും കവര്‍ച്ച ചെയ്ത സാധനങ്ങളും കണ്ടെത്താനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കവര്‍ന്ന ആഭരണങ്ങള്‍ മംഗളൂരുവിലെ ഒരാള്‍ക്കു വിറ്റതായാണു പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. അതിനാല്‍ പ്രതികളേയും കൊണ്ട് മംഗളൂരുവിലേക്കു പോകുമെന്നു സി.ഐ വി.വി മനോജ് പറഞ്ഞു. പ്രതികളെ കവര്‍ച്ച നടന്ന വീട്ടില്‍ ഇന്നെത്തിച്ചു തെളിവെടുപ്പു നടത്തും.
കഴിഞ്ഞ ഒന്‍പതിനാണു ഹൊസങ്കടി കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ ഷെട്ടി(79)യേയും ഭാര്യ മഹാലക്ഷ്മി(66)യേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കി 19.5 പവന് സ്വര്‍ണാഭരണവും 25,000 രൂപയും കാറും കൊള്ളയടിച്ചത്. കാര്‍ പിന്നീട് പണമ്പൂരില്‍ നിന്നു കണ്ടെത്തിയിരുന്നു. കേസില്‍ പിടികിട്ടാനുള്ള ഒരു പ്രതി പൊലിസിന്റെ പിടിയിലായിരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."