പ്രവാസി നിക്ഷേപം: സംസ്ഥാന തല ശില്‍പ്പശാലയും സെമിനാറും നാളെ
തിരൂര്‍: സംസ്ഥാന സര്‍ക്കാര്‍ നൂറു ദിനം പിന്നിടുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ടു ചെറിയമുണ്ടം കുറുക്കോള്‍ കുന്നിലെ എമറോള്‍ഡ് പാലസില്‍ സംസ്ഥാനതല സെമിനാറിനും ശില്‍പ്പശാലയും നാളെ നടത്തും. സര്‍ക്കാറില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും പ്രവാസികള്‍ക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസികള്‍ക്കു വിശദവിവരങ്ങള്‍ നല്‍കാനും അതുവഴി മികച്ച വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു വി.അബ്ദുറഹ്മാന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെമിനാറിനോടനുബന്ധിച്ചു വിശദമായ ക്ലാസുകളൂം ചര്‍ച്ചകളും നടക്കും. ചര്‍ച്ചയില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ആയിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ഉച്ചക്ക് 2.30 നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിയാകും. പ്രവാസി നിയമസഭാ സമിതി ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, അംഗം കാരാട്ട് റസാഖ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഷൈന മോള്‍ തുടങ്ങിയവരും പങ്കെടുക്കും.
പ്രമുഖ പ്രവാസികളെ പരിപാടിയില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 9.30 നു നടക്കുന്ന ശില്‍പ്പശാല തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യുമെന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.ആര്‍.ബാബു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."