മലയാള പത്രപിതാവായി ഒരു കോഴിക്കോട്ടുകാരന്‍
മലബാറിലിറങ്ങുന്ന ഒരു പത്രം കണ്ടിട്ട് തിരുവിതാംകൂര്‍ രാജാവിന് ക്ഷ പിടിച്ചു. രാജാവ് ഉടനെ പത്രത്തിന്റെ ഇരുനൂറ് കോപ്പി വരുത്താന്‍ ഉത്തരവിട്ടു. തിരുവനന്തപുരത്തെ സ്‌കൂളുകളിലും കച്ചേരികളിലും സംഗതി വിതരണം രാജാവ് ഏര്‍പ്പാട് ചെയ്യുന്നു. അത്തരമൊരു പത്രം വേറെ കാണില്ല, അത്തരമൊരു രാജാവിനെയും കേരളം വേറെ കണ്ടുകാണില്ല. രാജാവ് ആയില്യം തിരുനാള്‍ മഹാരാജാവ്, പത്രം ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ നടത്തിപ്പോന്ന കേരളപത്രികയും.
നമ്മുടെ വിഷയം പത്രവും പത്രപ്രവര്‍ത്തകരുമായതുകൊണ്ട് രാജാവിനെ തല്‍ക്കാലം ഉപേക്ഷിക്കാം. ചെങ്കളത്ത് കുഞ്ഞിരാമമേനോനെ പലരും മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് എന്ന് വിളിക്കും. കാരണം അദ്ദേഹം ഇറക്കിയ കേരളപത്രികയാണ് യഥാര്‍ഥത്തില്‍ പില്‍ക്കാല പത്രങ്ങള്‍ക്കെല്ലാം മാതൃകയായത്. 1884 ഒക്‌ടോബര്‍ 19ന് ഇറങ്ങി ആദ്യലക്കം. അതിനും മുന്‍പ് 1847ല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയിലെ ഇല്ലിക്കുന്നിലാണ് ആദ്യത്തെ പത്രമിറക്കിയതെന്ന് ചരിത്രത്തില്‍ കാണുമെന്നതു ശരിതന്നെ. പക്ഷേ, ഗുണ്ടര്‍ട്ടിന്റെ രാജ്യസമാചാരമോ പശ്ചിമോദയമോ ഇന്നു കാണുന്ന തരം പത്രങ്ങളുടെ മാതൃകയായിരുന്നില്ല. അവയേറെയും മതപ്രചാരണ ലഘുലേഖകളായിരുന്നു. രാജ്യമെന്നത് ദൈവരാജ്യമായിരുന്നു.
ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ പത്രാധിപരാകാന്‍ ജനിച്ച മനുഷ്യനായിരുന്നു എന്നു പറയാം. മലബാറില്‍ അക്കാലത്ത് ബി.എ ബിരുദം നേടിയ യുവാക്കള്‍ അധികമില്ല. ആദ്യത്തെ ബി.എക്കാരനാണ് ചെങ്കളത്ത് എന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും ബി.എ ബിരുദവും കൊണ്ട് അദ്ദേഹം ഇംഗ്ലീഷ് കമ്പനിയില്‍ ഉദ്യോഗത്തിനൊന്നുമല്ല പോയത്.
കൊല്‍ക്കത്തയില്‍ ചെന്ന് അമൃതബസാര്‍ പത്രിക എന്ന പത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് കണ്ടറിയുകയാണ് ആദ്യം ചെയ്തത്. പിന്നെ കോഴിക്കോട്ടു വന്ന് ആ മോഡലില്‍ ഒരു പത്രമങ്ങു തുടങ്ങി-അതാണ് കേരളപത്രിക.
വൃത്താന്തപത്രം എന്ന് വിളിക്കാവുന്ന തരം പത്രം അതിനുമുന്‍പ് കേരളം കണ്ടിട്ടില്ല എന്നാണു പറയുന്നത്. മലബാര്‍ സ്‌പെക്‌റ്റേറ്റര്‍ എന്ന പത്രം 1879ല്‍ കോഴിക്കോട്ടിറങ്ങിയിരുന്നു എന്നതും വസ്തുതയാണ്. പക്ഷേ, അതൊരു ഇംഗ്ലീഷ് പത്രമായിരുന്നല്ലോ.
കേരളപത്രിക ആരംഭിച്ചതിന്റെ അടുത്ത വര്‍ഷം 1885ലാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ജനിക്കുന്നത്. മേനോന്റെ പത്രം ആ പേര് മലയാളത്തിലാക്കി- ഭാരത മഹാസഭ. എന്തോ കോണ്‍ഗ്രസുകാര്‍ക്കൊന്നും അതത്ര പിടിച്ചില്ല. അവര്‍ ഇംഗ്ലണ്ടിനെതിരായിരുന്നെങ്കിലും പേര് ഇംഗ്ലീഷില്‍തന്നെ മതി എന്നു നിശ്ചയിച്ചു.
വടക്കെ അറ്റത്ത് പ്രവര്‍ത്തിച്ച ചെങ്കളത്തും തെക്കെ അറ്റത്ത് പത്രപ്രവര്‍ത്തനം നടത്തി വടക്കോട്ട് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും തമ്മില്‍ ഒരു ബന്ധമുണ്ട്. രാമകൃഷ്ണപിള്ളയാണ് ആദ്യമായി മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകം എഴുതുന്നത്. അതിന് അവതാരിക എഴുതിയതോ? ആദ്യത്തെ അസ്സല്‍ മലയാളപത്രം ഇറക്കിയ ചെങ്കളത്ത് കുഞ്ഞിരാമമേനോനും.
കോണ്‍ഗ്രസ് ജനിക്കുംമുന്‍പ് പത്രം ജനിച്ചുവെങ്കിലും പത്രം ക്രമേണ ഒരു കോണ്‍ഗ്രസ് പത്രമായി മാറുകയാണ് ഉണ്ടായത്. ചെങ്കളത്ത് പിന്നെ കുറേക്കാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഭാരവാഹിയുമെല്ലാമായി.
പത്രസ്വാതന്ത്ര്യത്തിനുവേണ്ടി മലബാറില്‍ ആദ്യമായി ശിക്ഷ അനുഭവിച്ച പത്രാധിപര്‍ ചെങ്കളത്ത് ആണെന്ന് മാതൃഭൂമി പത്രാധിപര്‍ കെ.പി കേശവമേനോന്‍ എഴുതിയിട്ടുണ്ട്. പിഴ ആയിരുന്നു ശിക്ഷ-51 രൂപ. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥന്മാരെ വിമര്‍ശിച്ചതിന് മാപ്പ് ചോദിക്കാന്‍ വഴങ്ങാതിരുന്നതിനായിരുന്നു ശിക്ഷ. അതുകൊണ്ടൊന്നും കുഞ്ഞിരാമമേനോന്‍ കീഴടങ്ങിയില്ല.
ഇന്നുപോലും ചെറിയ മലയാളപത്രത്തിന്റെ പത്രാധിപര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന പത്രാധിപസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, ചെങ്കളത്തിന് അതും സാധിച്ചു. ക്ഷണിക്കപ്പെട്ട മറ്റു രണ്ടുപേര്‍ ഹിന്ദു പത്രാധിപരും അമൃതബസാര്‍ പത്രിക പത്രാധിപരുമായിരുന്നു. സ്വാമി വിവേകാനന്ദനുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ ഈ താമസക്കാലത്ത് കഴിഞ്ഞെന്നത് വലിയ ഭാഗ്യമായാണ് അദ്ദേഹം കരുതിയിരുന്നത്.
ആദ്യകാലത്തു കോണ്‍ഗ്രസ് ഭാരവാഹിയൊക്കെ ആയിരുന്നെങ്കിലും അദ്ദേഹം പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശകനായി. മഹാത്മാഗാന്ധിയെപ്പോലും വിമര്‍ശിക്കാന്‍ മടിച്ചില്ല. അഭിപ്രായത്തിലും വിമര്‍ശനത്തിലും അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. കോഴിക്കോട്ട് ഉണ്ടായ ഒരു സംഭവം പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവണ്ണൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി. മോഷണം തെളിയിക്കാനെന്ന പേരില്‍ രണ്ടു ക്ഷേത്രനടത്തിപ്പുകാരെ പൊലിസ് ക്രൂരമായി മര്‍ദിച്ചു. ഇക്കാര്യം മിണ്ടാന്‍പോലും ആളുകള്‍ ഭയന്നിരുന്ന കാലത്ത് ചെങ്കളത്ത് മര്‍ദനവാര്‍ത്ത വിസ്തരിച്ച് പ്രസിദ്ധപ്പെടുത്തി. മര്‍ദനത്തിനെതിരേ പൊതുജനത്തോട് യാചിച്ച് പണമുണ്ടാക്കി കേസ് നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കുകയും ചെയ്തു അദ്ദേഹം. വലിയ സംഭവമായിരുന്നു അന്നത്.
പത്രങ്ങള്‍ പത്രങ്ങളെ പുകഴ്ത്തുന്ന സമ്പ്രദായം ഇന്നില്ല. ഇത്രയൊന്നും മത്സരമോ അസൂയയോ അക്കാലത്ത് പത്രങ്ങള്‍ തമ്മിലില്ല. ചെങ്കളത്തിന് അറുപതു തികഞ്ഞപ്പോള്‍ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് മലയാള മനോരമ കേരളപത്രിക എന്ന തലക്കെട്ടില്‍ ചെങ്കളത്തിനെക്കുറിച്ച് മുഖപ്രസംഗം തന്നെ എഴുതി. ബി.എ പാസായി വലിയ ഉദ്യോഗങ്ങള്‍ക്കു പോകാമായിരുന്ന ഒരാള്‍ അതെല്ലാം വേണ്ടെന്നുവച്ച് പത്രാധിപരായതിന്റെ അപൂര്‍വതയും അദ്ദേഹത്തിന്റെ അര്‍പ്പണബോധവുമാണ് ഇതെഴുതാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
നാല്‍പ്പത്തെട്ട് വര്‍ഷം കേരളപത്രിക പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഇത്രയും നീണ്ടകാലം പത്രമിറക്കിയ മറ്റനേകം പത്രങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. എങ്കിലും നാല്‍പ്പത്തെട്ട് വര്‍ഷം നടന്നുപോന്ന കേരളപത്രിക എന്ന പത്രം ഇന്നെവിടെയും ഇല്ല. ഒരു മ്യൂസിയത്തിലും അതു സൂക്ഷിച്ചിട്ടില്ല. ആ പത്രം കണ്ടവരാരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെന്നും തോന്നുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."