വിദ്യാഭ്യാസ രംഗത്ത് കേരളത്തെ പ്രഥമ ഡിജിറ്റല്‍ സംസ്ഥാനമാക്കും: വിദ്യാഭ്യാസ മന്ത്രി
വടക്കാഞ്ചേരി: വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യത്തെ പ്രഥമ ഡിജിറ്റല്‍ സംസ്ഥാനമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഒന്ന് മുതല്‍ പി.ജി വരെയുള്ള മുഴുവന്‍ ക്ലാസുകളും ഡിജിറ്റലാക്കും, അക്കാദമിക് രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തിപ്പ്. സാക്ഷരതാ യജ്ഞം നടപ്പിലാക്കിയത് പോലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കും. നവംബറില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി.രവീന്ദ്രനാഥ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മുന്‍ സര്‍ക്കാര്‍ അനുവദിച്ച ഒന്നര കോടി രൂപ ചിലവഴിച്ചാണ് 9 ക്ലാസ് മുറികളോടുകൂടിയ മൂന്ന് നില കെട്ടിടം പണി തീര്‍ത്തത്. എം.എല്‍.എ അനില്‍ അക്കര അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് താക്കോല്‍ദാനം നിര്‍വഹിച്ചു. എം.ആര്‍ അനൂപ് കിഷോര്‍, കെ.പി രാധാകൃഷ്ണന്‍, മേരി തോമാസ്, ടി.എന്‍ ലളിത, എം.ആര്‍ സോമനാരായണന്‍, ലൈല നസീര്‍, എന്‍.കെ പ്രമോദ്കുമാര്‍, ജയപ്രീത മോഹന്‍, സിന്ധു സുബ്രഹ്മണ്യന്‍, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാര്‍ കൊടയ്ക്കാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ദീപ്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.ചന്ദ്രശേഖരന്‍ സ്വാഗതവും, പ്രധാന അധ്യാപിക സി.കമലാ ദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."