ടിക്കറ്റ് കരിഞ്ചന്ത വില്‍പ്പന; യുവാവിനെ കൊന്ന കേസില്‍ ആറു പേര്‍ പിടിയില്‍
ചങ്ങനാശേരി: സിനിമാ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെ ചോദ്യം ചെയ്തയാളെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ പിടിയില്‍. തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം നിഥിന്‍ ആലുംമൂടന്‍ (33), ഫാത്തിമാപുരം വെട്ടുകുഴി സിജോ (22), കുരിശുംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്‍ (24), നാലുകോടി കടുത്താനം അര്‍ജുന്‍ (22), തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍ (26), കോട്ടയം കാരാപ്പുഴ മാന്താര്‍ വാഴേപറമ്പില്‍ ഷെമീര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
ജനാധിപത്യ കേരളകോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യു (33) വാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. പുലിമുരുകന്‍ സിനിമയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മരിച്ച മനുവും നിഥിന്‍ ഒഴികെയുള്ള സംഘവുമായി വാക്കേറ്റവും സംഘട്ടനവുമുണ്ടായി. രക്ഷപ്പെടുന്നതിനായി മനു തിയേറ്ററില്‍ നിന്ന് ഓടി തന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന പെരുന്ന ബസ്‌സ്റ്റാന്‍ഡിലെ കോണ്‍ഗ്രസ് ഹൗസിനു മുന്നിലെത്തി. കാറിനു പിന്നില്‍ നിഥിന്‍ ആലുംമൂടന്റെ സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ കാര്‍ മാറ്റിക്കൊടുക്കാന്‍ മനു ആവശ്യപ്പെടുകയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. എന്നാല്‍ ഇവിടെത്തന്നെ പാര്‍ക്കു ചെയ്തിരിക്കുന്ന ബൈക്കുകള്‍ മാറ്റിവച്ചിട്ട് കാര്‍ എടുത്തുകൊണ്ടുപോകാന്‍ മനു ശ്രമിച്ചെങ്കിലും സംഘത്തിലുണ്ടായിരുന്ന സൂരജ് തടസപ്പെടുത്തി. തുടര്‍ന്ന് മനു സൂരജിനെ അടിച്ചു. ഇതു കണ്ട സിജോ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മനുവിനെ കുത്തുകയായിരുന്നു. ഒന്‍പത് കുത്തുകളാണ് മനുവിന് ഏറ്റത്. തടഞ്ഞ അര്‍ജുനും സൂരജിനും നിസാര പരുക്കേറ്റു.
കുത്തുകൊണ്ട് ബൈക്കുകളുടെയിടയിലേക്കു കുഴഞ്ഞുവീണ മനുവിനെ നിഥിനും മറ്റൊരാളും ചേര്‍ന്ന് പെരുന്ന എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ചങ്ങനാശേരി എസ്.ഐ സി.ബി തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പനച്ചിക്കാട് ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഡിവൈ.എസ്.പി വി. അജിത്, സി.ഐ ബിനു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അക്രമികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കി. ഏറെ താമസിക്കാതെ നിഥിനെ പൊലിസ് സ്‌കോര്‍പിയോ കാര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബാക്കി പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മനുവുമായും മറ്റു പ്രതികളുമായും നിഥിന്‍ ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ പൊലിസിനു ലഭിച്ചതോടെയാണ് ഇയാളെയും കേസില്‍പ്പെടുത്തിയത്. ആക്രമണത്തിനു ശേഷം വിവരമറിയിച്ച പ്രകാരം കോട്ടയം സ്വദേശി ഷെമീര്‍ കാറിലെത്തി അര്‍ജുന്‍, ബിനു, സിജോ, സൂരജ് എന്നിവരെ കോട്ടയം നഗരത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു. പൊലിസ് പിടികൂടുമെന്ന് മനസിലായതോടെ ഷെമീര്‍ ഒരാളില്‍ നിന്ന് 5,000 രൂപ കടംവാങ്ങി സംഘത്തിനു നല്‍കി രാത്രിതന്നെ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാന്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ തിരുനക്കര മൈതാനത്തിനു സമീപത്തുകൂടി നടന്നുപോകുമ്പോള്‍ പട്രോളിങ്ങിലുണ്ടായിരുന്ന വെസ്റ്റ് പൊലിസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചങ്ങനാശേരി പൊലിസിനു കൈമാറുകയായിരുന്നു.
ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്‍, ചങ്ങനാശേരി ഡിവൈ.എസ്.പി വി.അജിത്, സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ സിബി തോമസ്, ഷാഡോ പൊലിസ് അംഗങ്ങളായ കെ.കെ റെജി, സിബിച്ചന്‍, ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."