നെയ്തക്കുടിയില്‍ കണ്ടല്‍ക്കാട് വ്യാപകമായി നശിപ്പിച്ചതായി പരാതി
മാള: നെയ്തക്കുടിയില്‍ കോളജ് റോഡിനു സമീപം കണ്ടല്‍ക്കാട് വ്യാപകമായി നശിപ്പിച്ചതായി പരാതി. സ്വകാര്യവ്യക്തിയുടെ അധീനതയിലുള്ള അന്‍പതു സെന്റോളം വരുന്ന ചെമ്മീന്‍കെട്ടിലെ കണ്ടല്‍ക്കാടാണു നികത്തല്‍ ലക്ഷ്യമാക്കി വെട്ടി നശിപ്പിച്ചത്.
കണ്ടല്‍ക്കാടുകള്‍ മുളയ്ക്കാതിരിക്കാന്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഎഡ് കോളജിനു സമീപത്തെ ചെമ്മീന്‍കെട്ട് നികത്തി പറമ്പാക്കി മാറ്റാനാണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാളച്ചാലുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവിടം നികത്തിയാല്‍ ഗുരുതരമായ പാരിസ്ഥിതികാഘാതമുണ്ടാകുമെന്നാണ് ആശങ്ക. ചെമ്മീന്‍കെട്ട് നികത്തല്‍ ലക്ഷ്യമാക്കി ഒരു വര്‍ഷം മുന്‍പു ഇവിടേയ്ക്കു റോഡ് നിര്‍മിക്കാന്‍ ശ്രമമുണ്ടായിരുന്നു.
ലോഡു കണക്കിനു ചെമ്മണ്ണ് നിക്ഷേപിച്ച് റോഡുണ്ടാക്കാനുള്ള ശ്രമം അന്നു നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍, അന്നു നിക്ഷേപിച്ച മണ്ണുപയോഗിച്ചാണ് ഇപ്പോള്‍ റോഡ് നിര്‍മിച്ചത്. അവധിദിനങ്ങളിലാണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതും നികത്താനുള്ള ശ്രമങ്ങളും നടക്കുന്നത്.
മേഖലയിലെ അന്നമനട, പൊയ്യ, പുത്തന്‍ചിറ, കുഴൂര്‍, മാള ഗ്രാമപഞ്ചായത്തുകളില്‍ വ്യാപകമായ നികത്തല്‍ നടന്നിട്ടും അതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കണ്ടല്‍ക്കാടുകള്‍ വെട്ടിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുമുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം പ്രവൃത്തികള്‍ തുടരാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."