പ്രവാസികള്‍ക്ക് പ്രത്യേക വോട്ടര്‍പട്ടിക; ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തി
കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പോളിംഗ് ബൂത്തൂകളുടെ പുനഃക്രമീകരണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചു. പുതിയ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ വഴി പേരുചേര്‍ക്കുന്നതിനുള്ള സൗകര്യം താല്‍ക്കാലികമായി നിര്‍ത്തി. ഈ മാസം അഞ്ചിന് നിര്‍ത്തിവെച്ച ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ ഉള്‍പ്പടെയുള്ളവ 31 വരെ തുടരും.
നിലവിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പ്രവാസി വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി വോട്ടര്‍മാരുടെ പ്രത്യേക പട്ടിക രൂപീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം തുടങ്ങി. ഇതിനായി പ്രവാസികളെ ആറ്- എ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പ്രവാസികള്‍ പുറത്താകുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരളത്തില്‍ 2016 മെയ് രണ്ടുവരെ 2,60,19,284 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13,000 ത്തോളം പേരാണ് പ്രവാസി വോട്ടര്‍മാര്‍. പുതിയ നിര്‍ദേശപ്രകാരം ഇവരെല്ലാം നിലവിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകും.
പുതിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനായി പ്രവാസികള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷസമര്‍പ്പിച്ച ശേഷം അതിന്റേയും പാസ്‌പോര്‍ട്ടിന്റെ കോപ്പികള്‍ സഹിതം സ്ഥിരം മേല്‍വിലാസം ഉള്‍പ്പെടുന്ന പരിധിയിലെ തഹസില്‍ദാര്‍ക്ക് അയച്ചുകൊടുക്കണം.
തഹസില്‍ദാര്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും ആറ് - എ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. പുതിയ കരട് വോട്ടര്‍പട്ടികയ്ക്കു വേണ്ടി പോളിങ്ങ് ബൂത്തൂകള്‍ പുനഃക്രമീകരിക്കുമ്പോള്‍ 1400 ഉം അതില്‍ കൂടുതലും വോട്ടര്‍മാരുള്ള മുഴുവന്‍ ബൂത്തുകളും വിഭജിക്കും. പുതിയ പോളിങ്ങ് ബൂത്ത് നിലവിലെ പോളിങ്ങ് സ്‌റ്റേഷന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലായിരിക്കണമെന്നും സര്‍ക്കാര്‍ കെട്ടിടം തന്നെ പരമാവധി പരിഗണിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കുടിവെള്ളം, വൈദ്യുതി, കക്കൂസ്, ഫര്‍ണിച്ചര്‍, വോട്ടര്‍മാര്‍ക്ക് ക്യൂ നില്‍ക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിക്കുന്നു. വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകള്‍ വിഭജിക്കുമ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ വ്യത്യസ്ത ബൂത്തുകളിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശമുണ്ട്. പ്രവാസികള്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോളിങ്ങ് ബൂത്തുകളുടെ ക്രമീകരണം നടക്കുന്നതിനാല്‍ ഈ മാസം 31 ന് ശേഷമേ നടക്കുകയുള്ളൂ.
എന്നാല്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് ഇതിനുശേഷം മാത്രമേ പേര് ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നത് പ്രതിസന്ധിയുണ്ടാക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ കാര്‍ഡ് ഉണ്ടെങ്കിലും വോട്ട് ചെയ്യാന്‍ കഴിയില്ല. ആറ് -എ പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ നല്‍കി പുതിയ തിരിച്ചറിയില്‍ കാര്‍ഡ് കരസ്ഥമാക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് വോട്ടവകാശം നേടാന്‍ കഴിയുകയുള്ളു.
പുതിയ കരട് പട്ടികക്കായി വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും താമസം മാറിയവരുടേയും മരിച്ചവരുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും കരട് പ്രസിദ്ധീകരിക്കുക. ആക്ഷേപം ഉന്നയിക്കാനും പുതിയതായി പേര് ചേര്‍ക്കാനും അവസരം നല്‍കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."