ഗതാഗതക്കുരുക്കിന് അറുതിയായി; പാലാരിവട്ടം മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു
കൊച്ചി: കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം. നീണ്ട കാത്തിരിപ്പിനൊടുവില്‍ പാലാരിവട്ടം മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.പാലാരിവട്ടം പൈപ്പ്‌ലൈന്‍ സിഗ്നലിനു സമീപം സജ്ജമാക്കിയ പ്രത്യേക വേദിയില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണു മുഖ്യമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളൊന്നാണു പാലാരിവട്ടം.ഇവിടെ മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ഒരുനാടിന്റെ സ്പനമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യം കൂടിയായിരുന്നു പാലാരിവട്ടം മേല്‍പ്പാലമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ഥത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയായിരുന്നു പാലം നിര്‍മ്മിക്കേണ്ടിയിരുന്നത്. എന്നാല്‍ പാലം നിര്‍മ്മാണത്തിന് കാലതാമസം നേരിട്ടതിനാലാണ് സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നുലഭിച്ച വിഹിതം ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതിയ കാലത്തിനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉതുകുന്ന വിധത്തില്‍ പൊതുമരാമത്തു വകുപ്പിന്റെ ശേഷി വര്‍ധിപ്പിക്കും.
മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ഇതിനുളള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം പൂര്‍ത്തീകരിക്കും മുന്‍പ് റോഡുകള്‍ തകരാന്‍ പല കാരണങ്ങളുണ്ട്. നിര്‍മ്മാണത്തിലെ അശാസ്ത്രിയത, അപാകത, എസ്റ്റിമേറ്റില്‍ സംഭവിക്കുന്ന പിഴവ്, മേല്‍നോട്ടത്തിലുളള വീഴ്ച, ഒരു വിഭാഗത്തിന്റെ അഴിമതി.എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
പൊതുമരാമത്ത് വകുപ്പ് അഴിമതി വിമുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തും.
'പുതിയ കാലം,പുതിയ നിര്‍മ്മാണം'എന്ന പൊതുമരാമത്ത് വകുപ്പിന്റെ മുദ്രാവാക്യം ആധുനിക കേരളത്തിന് ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷതവഹിച്ചു.
കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍, എം.എല്‍.എമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.ടി.തോമസ്, ഹൈബി ഈഡന്‍, എം.സ്വരാജ്, എസ്.ശര്‍മ്മ, കെ.ജെ.മാക്‌സി,ആന്റണി ജോണ്‍, എല്‍ദോ എബ്രഹം, വീണ ജോര്‍ജ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി
നാടമുറിച്ചു;
വാഹനങ്ങള്‍
ചീറിപാഞ്ഞു
രണ്ടുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോള്‍ യാത്രക്കാരും ആവേശത്തില്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം പൈപ്പ്‌ലൈന്‍ സിഗ്നലിന് സമീപം സജ്ജമാക്കിയ പ്രത്യേക വേദിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതിനുശേഷം ചടങ്ങില്‍പങ്കെടുത്ത മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പമാണ് സ്‌പൈസസ് ബോര്‍ഡിന് സമീപം മേല്‍പ്പാലം തുടങ്ങുന്നിടത്ത് എത്തിയത്.
പാലത്തില്‍ കുറുകെ കെട്ടിയിരുന്ന നാടമുറിച്ചതോടെ ഇരുവശവും തിങ്ങിക്കൂടിയ പൊതുജനങ്ങള്‍ പാലത്തിലേക്ക് തിക്കികയറി.
അപ്രോച്ച് റോഡുകളിലെ ഇരുവശത്തും ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ നാട്ടുകാരും യാത്രക്കാരും ചരിത്രനിമിഷത്തിന് സാക്ഷിയായി.പഞ്ചവാദ്യവും കരിമരുന്ന് പ്രയോഗവും ഒക്കെ ചടങ്ങിന് മാറ്റുകൂട്ടി.
ആദ്യം പാലത്തിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി.പൊലിസ് വാഹനവും മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനവും അകമ്പടി സേവിച്ചു.
പിന്നെ ചടങ്ങിനെത്തിയ എം.എല്‍.എമാരുടെ വാഹനങ്ങള്‍.
മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കാന്‍ മറ്റ് വാഹനങ്ങള്‍ തിരക്കുകൂട്ടി.ബൈക്ക് യാത്രക്കാരകട്ടെ ഇടയ്ക്ക് കുത്തികയറ്റി മേല്‍പ്പാലത്തിലൂടെ പറന്നു.
ഇനി
മണിക്കൂറുകളോളം
സിഗ്നലില്‍ കിടക്കേണ്ട
പാലാരിവട്ടം മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ തൊട്ടടുത്ത ജില്ലകളിലെ യാത്രക്കാര്‍ക്കും ആശ്വാസം.ഏറെ നേരം പൈപ്പ്‌ലൈന്‍ സിഗ്നലില്‍ കാത്തുകിടക്കേണ്ട അവസ്ഥയ്ക്കാണ് അറുതിവന്നതെന്ന് ബൈപാസ് വഴി വടക്കന്‍ ജില്ലകളിലേക്കും തെക്കന്‍ജില്ലകളിലേക്കുമൊക്കെ യാത്രചെയ്യുന്നവര്‍ പറഞ്ഞു.ആലപ്പുഴ,തൃശൂര്‍,കൊല്ലം,തിരുവന്തപുരം,കോഴിക്കോട് തുടങ്ങിയ ജില്ലകളിലുള്ള നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്.എന്നാല്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ കൂടി യാഥാര്‍ഥ്യമായാല്‍് ഗതാഗതക്കുരുക്കില്‍ നിന്നും പൂര്‍ണ്ണമായും മോചനമാകുമെന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടര്‍.ഈ മേല്‍പ്പാലങ്ങള്‍ എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
അതേസമയം വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി നിര്‍മ്മിക്കാന്‍ ഒരുക്കമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി പണം മാറ്റി വച്ച് കഴിഞ്ഞതാണെന്നും പണം ഒരു പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞചെലവില്‍ സാങ്കേതിക
മികവോടെ
52 കോടി രൂപ നിര്‍മ്മാണ ചെലവ് കണക്കാക്കിയ പാലാരിവട്ടം മേല്‍പ്പാലം 39 കോടി രൂപ ചെലവഴിച്ചാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. 2014 സെപ്റ്റംബറിലാണ് മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെ 72.60 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയത്.സ്ഥലം ഏറ്റെടുക്കല്‍ ഒഴികെ 52 കോടി രൂപയായിരുന്നു നിര്‍മ്മാണ തുക.എന്നാല്‍ 39 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞു.ഒറ്റത്തൂണില്‍ 19 സ്പാനുകളില്‍ നിര്‍മ്മിച്ചതും പാലത്തിന്റെ സാങ്കേതിക മികവാണ്. 442 മീറ്റര്‍ നീളമുളള പാലത്തിന് ഇരുവശമുള്ള അപ്രോച്ച് റോഡുകള്‍് കൂടി ചേരുമ്പോള്‍ 750 മീറ്ററാണ് നീളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."