ബ്ലാസ്റ്റേഴ്‌സിനോടു ഫാന്‍സ് പറയുന്നു; കാല്‍പന്തുകളി ആവേശത്തെ ഇല്ലാതാക്കരുത്
ആലപ്പുഴ: ഒന്നുകില്‍ മര്യാദയ്ക്ക് കളിക്കുക. അല്ലെങ്കില്‍ നിര്‍ത്തി പോകുക. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തെ നിങ്ങള്‍ ഒരു ടീമായിട്ട് ഇല്ലാതാക്കരുത്... മൂന്നാം ഹോം മത്സരത്തില്‍ മുംബൈയെ നേരിടാന്‍ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ഫുട്‌ബോള്‍ പ്രേമി കുറിച്ച വരികളാണിത്. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു തോല്‍വിയും ഒരു സമനി ലയുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിനോടു ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള കലിയടങ്ങുന്നില്ല. ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുവാഹത്തിയില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടും, ആദ്യ ഹോം മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും 1-0നു തോറ്റതും ബ്ലാസ്റ്റേഴ്‌സിനോടുള്ള പ്രിയം കുറയ്ക്കുകയാണ്.
മൂന്നാം പതിപ്പോടെ കരുത്തരായി മാറിയ ഡല്‍ഹിയോട് ഗോള്‍രഹിത സമനിലയിലൂടെ ആശ്വാസം കണ്ടെത്തിയതൊന്നും അവര്‍ക്ക് സമാശ്വാസമാകുന്നില്ല. ഇഞ്ച്വറി ടൈമിലും സ്ലോമോഷനില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീം എന്നാണ് പൊതുവെ ഫാന്‍സിന്റെ അഭിപ്രായം. കഴിഞ്ഞ മത്സരത്തെ ബ്ലാസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ഫുട്‌ബോള്‍ പ്രേമി വിലയിരുത്തിയതിങ്ങനെ. അങ്ങനെ മൂന്നു മത്സരം കഴിഞ്ഞപ്പോള്‍ നമ്മള്‍ ഗോള്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് അടിച്ചു. ഇത്രയും സ്‌ട്രൈക്കര്‍മാര്‍ ഉണ്ടായിട്ടും ഒരു തവണ എങ്കിലും പോസ്റ്റിലേക്ക് ഷോട്ട് അടിച്ചല്ലോ, വളരെ സന്തോഷം... നമ്മുടെ സ്‌ട്രൈക്കേഴ്‌സ് എന്തൊരു കളി ആണ്.
ഹോസു കുരിയാസ് നയിക്കുന്ന പ്രതിരോധ നിരയോട് മാത്രമാണ് അവര്‍ക്കിഷ്ടം. മുന്നേറ്റ നിരയ്ക്ക് പന്തു പിടിച്ചെടുത്തു നല്‍കാന്‍ കഴിയാത്ത മധ്യ നിരയും, കിട്ടിയ പാസുകള്‍ കൃത്യമായി വിനിയോഗിക്കാന്‍ കഴിയാതെ വിഷമിക്കുന്ന മുന്നേറ്റ നിരയും കടുത്ത വിമര്‍ശനത്തിന് പാത്രമാകുകയാണ്. പ്രതിരോധ നിരയുടെ കരുത്തു ഒന്നുകൊണ്ടു മാത്രമാണ് കൂടുതല്‍ ഗോളുകള്‍ വാങ്ങി കൂട്ടാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുന്നതെന്നു വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടു കളികളിലും മലയാളിതാരങ്ങള്‍ പുറത്തിരുത്തിയതിനെയും ഫുട്‌ബോള്‍ പ്രേമികള്‍ വിമര്‍ശിക്കുന്നുണ്ട്. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ പുറത്തിരുത്തിയതിനെയും ഫാന്‍സ് ചോദ്യം ചെയ്യുകയാണ്. രണ്ടാം പതിപ്പില്‍ ആറു കളികളില്‍ നാലു ഗോളും 10 ഷോട്ട് ഓണ്‍ ടാര്‍ഗറ്റും അടിച്ച റാഫിയെ പുറത്തിരുത്തുന്നതിന്റെ കാര്യമാണ് ഒരു കൂട്ടര്‍ക്ക് അറിയേണ്ടത്. മുന്നേറ്റ നിരയില്‍ മറ്റു താരങ്ങള്‍ക്ക് പന്തു പാസ് ചെയ്യാതെ അവസരങ്ങള്‍ തുലയ്ക്കുന്ന അന്റോണിയോ ജെര്‍മെയ്‌നെയും വിമര്‍ശകര്‍ വെറുതെ വിടുന്നില്ല.
ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ഉടമകളിലൊരാളുമായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും കടുത്ത വിമര്‍ശനത്തിനു വിധേയനായി തുടങ്ങിയിട്ടുണ്ട്. ടീം മാനേജ്‌മെന്റ് തന്നെ ശരിയല്ലെന്നതാണ് മറ്റൊരു വിമര്‍ശനം. പണം മുടക്കാന്‍ തയ്യാറാകാതെ ലാഭം മാത്രം തേടുന്നവരാണവര്‍. സച്ചിന്‍ പബ്ലിസിറ്റിക്ക് വേണ്ടി നില്‍ക്കുന്നതാണ്. ബ്ലാസ്റ്റേഴ്‌സ് ടീം പറ്റുമെങ്കില്‍ മുംബൈ - കൊല്‍ക്കത്ത കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു കളി പഠിക്കാനും ഫാന്‍സ് ഉപദേശിക്കുന്നു.
കാല്‍പന്തുകളിയെ ജീവനായി കരുതുന്നവരുടെ വിമര്‍ശനങ്ങള്‍ക്കും നിരാശയ്ക്കും ഇനി ഒരു വിജയത്തിലൂടെ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കാനാവൂ. മുംബൈ- കൊല്‍ക്കത്ത കളികണ്ടവര്‍ക്ക് നിലവിലെ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ വച്ചു വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും ചെന്നൈയിനെ വീഴ്ത്തിയ ഡല്‍ഹി ഡൈനാമോസിനെ പിടിച്ചു കെട്ടാനായതിന്റെ ആത്മവിശ്വാസം തുണയാകുമെന്നു ഫാന്‍സ് കരുതുന്നു. ഇതു ഐ.എസ്.എല്‍ ഫുട്‌ബോളാണ്. ഇന്നത്തെ കേമന്‍മാര്‍ നാളെ വീഴാം. എന്തും സംഭവിക്കാവുന്ന ഇതുവരെയുള്ള ഐ.എസ്.എല്‍ പോരാട്ട ചരിത്രം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിലേറ്റുന്നവരുടെ പ്രതീക്ഷയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."