ജില്ലയില്‍ അണക്കെട്ടുകള്‍ വറ്റിവരളുന്നു ഇത്തവണ വരള്‍ച്ചക്ക് കടുപ്പമേറും
പാലക്കാട്: ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ജില്ല വീണ്ടും വരള്‍ച്ചയിലേക്ക്. മലമ്പുഴ അണക്കെട്ടില്‍ അവശേഷിക്കുന്നത് 25 ദിവസത്തേക്കുള്ള വെള്ളമാത്രമാണ്. ഭാരതപ്പുഴയും, തൂതപ്പുഴയും, കുന്തിപ്പുഴയുമെല്ലാം വറ്റിവരണ്ടു തുടങ്ങി.
രണ്ടുമാസം മുമ്പ് ഉരുള്‍ പൊട്ടലുണ്ടായ കുന്തിപ്പുഴയില്‍ അങ്ങിങ്ങ് മാത്രമാണ് ജലമുള്ളത്. പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ജലക്ഷാമവും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാവുന്നു. പതിവിനു വിപരീതമായി കാലവര്‍ഷം ഗണ്യമായി കുറഞ്ഞതാണ് ജില്ലയെ ഇത്തവണയും കടുത്ത വേനലിലേക്ക് തള്ളി വിടുന്നത്. കഴിഞ്ഞദിവസം 300 ഘനയടി ജലം ആളിയാറിന് തമിഴ്‌നാട് നല്‍കിയതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ഇന്നലെ മുതല്‍ വെള്ളം ഉയര്‍ന്നു. ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടേതുള്‍പ്പെടെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങി.
മിനി ശുദ്ധജല വിതരണ പദ്ധതികളുടെ സ്ഥിതിയും മോശമാണ്. പാലക്കാട്, മലപ്പുറം ജില്ലയിലെ പുഴയോര പ്രദേശങ്ങളിലെല്ലാം ശുദ്ധജലക്ഷാമം രൂക്ഷമായി തുടങ്ങി.
തൂതപ്പുഴയിലെ വെള്ളം പ്രതീക്ഷിച്ച് രണ്ടാം വിളയും പുഞ്ചകൃഷികളും പച്ചക്കറികളും നടത്തിയിരുന്ന പടിഞ്ഞാറന്‍ മേഖലയിലെ പരുതൂര്‍, തിരുവേഗപ്പുറ, വിളയൂര്‍, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
ഒന്നാം വിള കൊയ്ത്ത് പൂര്‍ത്തിയായെങ്കിലും പുഴയില്‍ വെള്ളം കുറഞ്ഞു ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ നഷ്ടം സഹിച്ച് ഇത്തവണ രണ്ടാംവിള കൃഷി നടത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. രണ്ടാം വിളയ്ക്കായി പാകിയ ഞാറുകളും വെള്ളമില്ലാത്തതിനാല്‍ ഉണക്കു ഭീഷണിയിലാണ്.
പല കര്‍ഷകരും രണ്ടാം വിള കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ്. കുളങ്ങളും കിണറുകളും വറ്റി പാടങ്ങളില്‍ കപ്പ, വാഴ, പഴം ജൈവപച്ചക്കറി കൃഷികളും തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തെങ്ങ്, കവുങ്ങ് തോട്ടം മേഖലയും പ്രതിസന്ധിയിലാണ്.
തൃത്താലമേഖലയില്‍ ചില സ്ഥലങ്ങളില്‍ തെങ്ങുകള്‍ക്കു വെള്ളീച്ചയാക്രമണവും കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പു രോഗവും കാണപ്പെട്ടതോടെ കര്‍ഷകരും ആശങ്കയിലാണ്.
ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ജില്ല ഇത്തവണയും കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."