ഊര്‍ജമേഖലയ്ക്ക് ആശ്വാസമേകി തുലാമഴയെത്തി
തൊടുപുഴ: ഊര്‍ജമേഖലയ്ക്ക് ആശാസമേകി തുലാമഴയെത്തി. പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയോടെയാണ് തുലാമഴ സാന്നിധ്യമറിയിച്ചത്. ഒറ്റദിവസം കൊണ്ട് 190 ലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 10 ജലവൈദ്യുതി പദ്ധതികളിലായാണ് ഇത്രയും വെള്ളമെത്തിയത്. ഇന്നലെ രാത്രി വൈകിയും വിവിധ പദ്ധതിപ്രദേശങ്ങളില്‍ മഴ കനത്തിട്ടുണ്ട്.
ലോവര്‍പെരിയാര്‍ പദ്ധതിയുടെ വൃഷ്ടിപ്രദേശത്താണ് റിക്കാര്‍ഡ് മഴ ലഭിച്ചത്. 136 മില്ലി മീറ്റര്‍. നേര്യമംഗലം പദ്ധതി പ്രദേശത്ത് 73 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 66 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതുമൂലം7.668 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. മറ്റുപദ്ധതി പ്രദേശങ്ങളില്‍ ഇന്നലെ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെയാണ്. പമ്പ 11 മി. മീ, ഷോളയാര്‍ 20, ഇടമലയാര്‍ 33.6, കുറ്റ്യാടി 22, തര്യോട് 5, പൊന്മുടി 7, പെരിങ്ങല്‍കുത്ത് 34.6 മി. മീ.
ജലവൈദ്യുതി ഉത്പാദനം ഇന്നലെയും കുറഞ്ഞ തോതിലായിരുന്നു. 7.8394 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉത്പാദനം. ഇടുക്കി പദ്ധതിയിലാണ് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത്. 3.18 ദശലക്ഷം യൂനിറ്റ്. 60.353 ദശലക്ഷം യൂനിറ്റായിരുന്നു മൊത്തം വൈദ്യുതി ഉപഭോഗം. 52.114 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. 2213.091 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടുകളിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 53 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 280.58 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്.
716.146 മീറ്ററാണ് ഇടുക്കി പദ്ധതിയിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 46 ശതമാനമാണ്. തുലാമഴ കനക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറച്ച് കേന്ദ്ര പൂളിനെ കൂടുതല്‍ ആശ്രയിക്കാനാണ് വൈദ്യുതി ബോര്‍ഡ് ജലവിനിയോഗ സെല്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."