ഫാറൂഖ് വധം: പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു
കണ്ണൂര്‍: ഫാറൂഖ് വധക്കേസിലെ പ്രതി കണ്ണൂര്‍ സിറ്റി വെത്തിലപള്ളിയിലെ അബ്ദുല്‍ റഊഫെന്ന കട്ട റഊഫ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി പൊലിസ്. വ്യാഴാഴ്ചയാണ് കണ്ണൂര്‍ സിറ്റി സെന്ററില്‍ പട്ടാപ്പകല്‍ ഐറ്റാണ്ടി പൂവളപ്പിലെ എം ഫാറൂഖിനെ(43) കുത്തിക്കൊന്നത്. ഫാറൂഖിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട റഊഫിനെ ഉച്ചയോടെ നീര്‍ച്ചാലിലെ ഒഴിഞ്ഞ പറമ്പിനടുത്ത് വച്ചാണ് കണ്ണൂര്‍ സിറ്റി എസ്.ഐ കെ.ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൊഴിയെടുക്കുമ്പോള്‍ മാനസിക വിഭ്രാന്തിയുള്ള രീതിയിലാണ് റഊഫിന്റെ പെരുമാറിയത്. എന്നാല്‍ രണ്ടു ദിവസം മുന്‍പ് റഊഫ് മാനസിക രോഗ വിദഗ്ധനെ കണ്ട് തനിക്ക് മാനസിക വിഭ്രാന്തിയുള്ളതായുള്ള സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം.എം.കെ സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന് കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട ഫാറൂഖ്. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്(2) കോടതിയില്‍ ഹാജരാക്കിയ റഊഫിനെ റിമാന്റ് ചെയ്തു. കോടതിയില്‍ ഹാജരക്കുന്നതിനു മുന്‍പ് പ്രതിയോട് ചോദിച്ചപ്പോള്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് റഊഫ് പറഞ്ഞത്.
ഫാറൂഖിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റഊഫെന്ന് പൊലിസ് പറഞ്ഞു. കൊലക്ക് ഉപയോഗിച്ച ആയുധം ഏതെങ്കിലും കുളത്തിലോ കാട്ടിലോ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസ് കരുതുന്നത്. ആയുധം കണ്ടെടുക്കാന്‍ തെരച്ചില്‍ തുടരുകയാണ്. സിറ്റി സി.ഐക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."