യൂത്ത് കോണ്‍ഗ്രസ് കെ.എം.സി.ടി മെഡിക്കല്‍ കോളജ് മാര്‍ച്ചില്‍ സംഘര്‍ഷം
മുക്കം: വന്‍ തുക തലവരിപ്പണം വാങ്ങി സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നടത്തുന്നതായി ആരോപിച്ച് മുക്കം മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
രാവിലെ 10.30ഓടെയാണു നൂറോളംവരുന്ന പ്രവര്‍ത്തകര്‍ മണാശ്ശേരി അങ്ങാടിയില്‍ നിന്ന് കോളജിലേക്കു പ്രകടനമായെത്തിയത്. കോളജിനു സമീപം മാര്‍ച്ച് കൊടുവള്ളി സി.ഐ ബിശ്വാസ്, മുക്കം എസ്.ഐ അബ്ദുറഹ്മാന്‍, ഗ്രേഡ് എസ്.ഐ സലീം, കൊടുവള്ളി എസ്.ഐ പ്രതീഷ്, കാക്കൂര്‍ എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പൊലിസ് പ്രതിരോധം തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ചതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറെനേരം ഉന്തും തള്ളും നടന്നു. സമരം അവസാനിച്ച ഉടന്‍ കൊടുവള്ളി എസ്.ഐ ജീവന്‍ ജോര്‍ജുമായും പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. നേരത്തെ രാവിലെ എട്ടോടെ പ്രവര്‍ത്തകര്‍ കോളജ് അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ടു തടയുകയായിരുന്നു.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വി.എന്‍ ജംനാസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ്, നജീബ് കല്‍പ്പൂര്, ജിതേഷ്, ബൈജു, പി.വി സുരേന്ദ്രലാല്‍, ജുനൈദ് പാണ്ടികശാല, എന്‍.പി ശംസുദ്ദീന്‍, മുഹമ്മദ് ദിഷാല്‍, വിഷ്ണു കയ്യൂണമ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."