ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനം ഇന്ന്: ജയം തുടരാന്‍...
ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും തുടരാന്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ന്യൂസിലന്‍ഡിനെതിരായ എകദിന പരമ്പരയിലെ ആദ്യ മത്സരം ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് നടക്കുന്നത്. ടെസ്റ്റ് ടീമില്‍ നിന്ന് ചില മാറ്റങ്ങളുള്ള ടീമാണ് ഏകദിന മത്സരത്തിനിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ കിവീസ് ടീമിന്റെ ചിറകരിഞ്ഞാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇക്കാരണത്താല്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ടീമിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല.
പരമ്പര ധോണിയെ സംബന്ധിച്ച് എല്ലാ അര്‍ഥത്തിലും ജയിക്കേണ്ട ഒന്നാണ്. അമേരിക്കയില്‍ വച്ച നടന്ന ടി20 പരമ്പരയില്‍ മികച്ച ഫിനിഷറെന്ന് പേരുകേട്ട് ധോണി ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സുനില്‍ ഗവാസ്‌കറിനെ പോലുള്ള ഇതിഹാസ താരങ്ങള്‍ ധോണിയുടെ പ്രകടനം മങ്ങി വരുന്നതായും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മികച്ച കളി പുറത്തെടുക്കാന്‍ ധോണിക്കു മേല്‍ സമ്മര്‍ദമുണ്ട്. അതേസമയം കിവീസിനെതിരേ കോഹ്‌ലിയുടെ അഭിപ്രായങ്ങളും മുഖവിലയ്‌ക്കെടുക്കുമെന്ന് ധോണി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ടെസ്റ്റ് ടീമില്‍ നിന്ന് അടിമുടി മാറി ന്യൂസിലന്‍ഡ് ടീമിനെയാണ് ഇന്ത്യ നേരിടുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ പകച്ചു നിന്ന് കിവീസ് ഏകദിന ഫോര്‍മാറ്റെടുക്കുമ്പോള്‍ കരുത്തരാണ്. യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്നതാണ് കിവീസ് ടീം. ധര്‍മശാലയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ബാറ്റ്‌സമാന്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാവും ധോണി കളത്തിലിറക്കുക. വിരാട് കോഹ്‌ലിയുടെ ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന ഘടകം. ഓപണിങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മനീഷ് പാണ്ഡെയോ അജിന്‍ക്യ രഹാനെയോ ഇറങ്ങാനാണ് സാധ്യത. അതേസമയം ആദ്യ കളിയില്‍ സുരേഷ് റെയ്‌ന കളിക്കാതിരിക്കുന്നതിനാല്‍ മധ്യനിരയില്‍ ധോണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ രഹാനെയെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യിക്കുകയും പാണ്ഡെയെ മധ്യനിരയില്‍ കളിപ്പിക്കാനും ധോണി തയ്യാറായേക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലോ ഹര്‍ദിക പാണ്ഡ്യയോ ഇടംപിടിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ അക്ഷര്‍ പട്ടേലിന് മുന്‍തൂക്കമുണ്ട്. ബൗളിങില്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ് എന്നിവരുമുണ്ട്. ഇതില്‍ ജയന്ത് യാദവിന് അവസരം നല്‍കിയാല്‍ കുല്‍ക്കര്‍ണി പുറത്തിരിക്കും.
കിവീസ് നിരയില്‍ കെയ്ന്‍ വില്യംസന്‍ ഫോമിലേക്കുയരാത്തത് ടീമിന് ക്ഷീണമാണ്. റോസ് ടെയ്‌ലറും സമാന അവസ്ഥയിലാണ്. മാര്‍ട്ടിന്‍ ഗുപ്ടില്‍, കോറി ആന്റേഴ്‌സന്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ടോം ലാഥം, മാറ്റ് ഹെന്റി, ലൂക് റോഞ്ചി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരും ടീമിന്റെ കരുത്തുറ്റ താരങ്ങളാണ്. ടെസ്റ്റ് പരമ്പരയിലെ പിഴവുകള്‍ തിരുത്തി മുന്നേറിയാല്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ ശേഷിയുള്ള ടീമാണ് കിവീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."