ജീവനക്കാരില്ല; പാനൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ലാബ് അടച്ചിട്ടു
പാനൂര്‍: താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് അടച്ചിട്ടതിനെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു. വിവരമറിഞ്ഞ് ജനകീയവേദി സെക്രട്ടറി ഇ മനീഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ആശുപത്രിയില്‍ എത്തിയ രോഗികളും സമരത്തില്‍ പങ്കുചേര്‍ന്നതോടെ അധികൃതര്‍ അടച്ചിട്ട ലാബ് തുറക്കാന്‍ തയാറായി.
കഴിഞ്ഞ എഴാം തിയതി മുതല്‍ അവധിയില്‍ പ്രവേശിച്ച ലാബ് ടെക്‌നിഷ്യനും രണ്ട് ലാബ് അസിസ്റ്റന്‍ഡുമാരുമടക്കം നാലു പേരാണ് ലബോറട്ടറി വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ലാബ് ടെക്‌നിഷ്യന്റെ ചുമതല കൂടി വഹിച്ചിരുന്ന ലാബ് അസിസ്റ്റന്റ് ലീവായതോടെയാണ് ലബോറട്ടറി അടച്ചിട്ടത്.
മുന്നറിയിപ്പില്ലാതെ ലബോറട്ടറി അടച്ചിട്ടതോടെ കുറഞ്ഞ നിരക്കിന്‍ ലാബ് പരിശോധന നടത്തി മടങ്ങാമെന്നു കരുതിയെത്തിയ നിരവധി രോഗികള്‍ നിരാശരായി. തുടര്‍ന്നാണ് ജനകീയവേദി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ലാബ് തുറപ്പിച്ചതും. ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ലബോറട്ടറി അടച്ചു പൂട്ടിയത് സ്വകാര്യ മെഡിക്കല്‍ ലാബുകളെ സഹായിക്കാനാണെന്ന അക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമരത്തിന് ഗോവിന്ദന്‍ എടച്ചോളി, കെ.പി ശാരദ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."