ഓഫിസിന് സ്ഥലം നല്‍കിയില്ല സി.പി.എം വേട്ടയാടുന്നതായി വീട്ടമ്മയുടെ പരാതി
കണ്ണൂര്‍: ബ്രാഞ്ച് ഓഫിസ് പണിയാന്‍ സ്ഥലം സൗജന്യമായി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സി.പി.എം വര്‍ഷങ്ങളായി ആക്രമിച്ച് വേട്ടയാടുന്നതായി വീട്ടമ്മയുടെ പരാതി. മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനല്ലൂര്‍ സ്വദേശിനി അനിതയാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരേ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. സി.പി.എം പാര്‍ട്ടിയംഗമായിരുന്ന വീട്ടമ്മയോട് നാലുവര്‍ഷം മുമ്പാണ് പ്രാദേശിക നേതൃത്വം ബ്രാഞ്ച് ഓഫിസ് പണിയുന്നതിനായി രണ്ടുസെന്റ് സ്ഥലം ആവശ്യപ്പെട്ടത്. 16 സെന്റ് സ്ഥലത്താണ് വീട്ടമ്മയും കുടുംബവും താമസിക്കുന്നത്. വീട്ടിലെ അസൗകര്യം ചൂണ്ടിക്കാട്ടി സ്ഥലം നല്കാന് അവര്‍ വിസമ്മതിച്ചിരുന്നു. ഇതിന്റെ പേരില്‍ നാലുവര്‍ഷമായി തന്നെ വേട്ടയാടപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചും വീട്ടുകിണറില്‍ മണ്ണെണ്ണയൊഴിച്ചും ദ്രോഹിച്ചു. അയല്‍വാസികളെ സ്വാധീനിച്ച് വീട്ടമ്മയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച രാത്രി വീട്ടുപകരണങ്ങളും മറ്റും അക്രമികള്‍ തകര്‍ത്തു. വാതിലും ജനാലയും ബോംബെറിഞ്ഞു തകര്‍ത്തു. കൂത്തുപറമ്പ് പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ പിണറായിയിലെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. വനിതാകമ്മിഷനില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. ചെത്തുതൊഴിലാളിയായ ഭര്‍ത്താവ് കാഞ്ഞാന്‍ ദിനേശന് സി.ഐ.ടി.യുവില്‍ അംഗമാണ്. രണ്ടുപെണ്കുട്ടികളടക്കം മൂന്നു മക്കളാണിവര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."