സൊമാലിയ: മോദിയും ബി.ജെ.പിയും മാപ്പുപറയണം: ഗുലാംനബി ആസാദ്
കണ്ണൂര്‍: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയും ബി.ജെ.പിയും മാപ്പുപറയണമെന്നു രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്. കേരളത്തെ ഒരിക്കലും സൊമാലിയയോടു താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ടൗണ്‍സ്‌ക്വയറില്‍ യു.ഡി.എഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കുടുംബയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും 100 ശതമാനം നേട്ടം കൈവരിച്ച കേരളത്തെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി. സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഉന്നതനിലവാരമാണു കേരളത്തിലുള്ളത്. ടൂറിസത്തിന്റെ ഹബ്ബ് കൂടിയാണു കേരളം. ഇതേക്കുറിച്ച് രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി മുഖംതിരിക്കുകയായിരുന്നുവെന്നും ആസാദ് പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയുമാണു കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരുനാണയത്തിന്റെ ഇരുവശങ്ങളാണു ഇരുപാര്‍ട്ടികളും. ഇതുകാരണം ക്രൈം റെക്കോര്‍ഡിന്റെ കാര്യത്തില്‍ കണ്ണൂരിനു മോശം പേരാണുള്ളത്.
യു.ഡി.എഫ് രാഷ്ട്രീയശത്രുക്കളല്ലെന്നും സൗഹൃദമാണു യു.ഡി.എഫിന്റെ കരുതലെന്നും ഗുലാംനബി വ്യക്തമാക്കി. പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നും ഗുലാംനബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."