സോളാര്‍: സരിത വീണ്ടും തെളിവുകള്‍ ഹാജരാക്കി; ലൈംഗിക ചൂഷണ ദൃശ്യങ്ങളുമുെണ്ടന്ന്
കൊച്ചി: സോളാര്‍ അന്വേഷണ കമ്മിഷന്‍ മുന്‍പാകെ മുഖ്യ പ്രതി സരിത എസ്. നായര്‍ വീണ്ടും തെളിവുകള്‍ ഹാജരാക്കി. പെന്‍ഡ്രൈവ്, സി.ഡി എന്നിവയിലാക്കിയാണ് തെളിവുകള്‍ കൈമാറിയത്. കമ്മിഷന്‍ സെക്രട്ടറിക്കാണ് തെളിവുകള്‍ കൈമാറിയത്. ഹാജരാക്കിയ തെളിവുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മല്ലേലില്‍ ശ്രീധരന്‍ നായരും താനുമായും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍, ചില മന്ത്രിമാര്‍ അടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍, വിവിധ രേഖകള്‍ എന്നിവയുള്ളതായി സരിത പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ ജയിലില്‍വച്ച് എഴുതിയ കത്തില്‍ പരാമര്‍ശിച്ച നാല് പേര്‍ ലൈംഗീകമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. ഇതില്‍ മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മന്ത്രി എ.പി അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ദൃശ്യങ്ങളും മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ തന്നോട് നടത്തിയ അശ്ലീല സംഭാഷണങ്ങളുമുണ്ടെന്ന് സോളാര്‍ കമ്മിഷനില്‍ ഹാജരായി പുറത്തിറങ്ങിയ സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദൃശ്യങ്ങളിലുള്ള കൂടുതല്‍ പേരുകള്‍ ഇപ്പോള്‍ പുറത്തുപറയുന്നില്ല. അത് തന്റെ സ്വകാര്യതയെ ബാധിക്കും.
സോളാര്‍ ഇടപാടില്‍ പണം നിക്ഷേപിച്ച ക്വാറിയുടമ മല്ലേലില്‍ ശ്രീധരന്‍ നായര്‍ സരിതയോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുന്ന ദൃശ്യമാണ് മുഖ്യമന്ത്രിക്ക് എതിരായ തെളിവായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്തിയുടെ നിലപാട്. എന്നാല്‍ കൂടിക്കാഴ്ച നടന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ താന്‍ കൈമാറിയതായി സരിത അവകാശപ്പെട്ടു. താന്‍ പ്രതിയായ മറ്റൊരു കേസ് ഒത്തുതീര്‍ക്കുന്നതിന് എതിര്‍കക്ഷിയുമായി മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ തെളിവുകളും കമ്മിഷനില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ കേസ് ഇപ്പോഴും തുടരുകയാണെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് ജിക്കുമോന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും പെന്‍ഡ്രൈവിലുണ്ട്. മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള തെളിവായാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി.സി വിഷ്ണുനാഥ് എം.എല്‍.എയുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍, മോന്‍സ് ജോസഫ് എം.എല്‍.എ സമര്‍പ്പിച്ച സോളാര്‍ തെരുവ് വിളക്ക് പദ്ധതി നിര്‍ദേശം, മുഖ്യമന്ത്രിക്കെതിരായി ഡല്‍ഹി കോടതിയിലുള്ള കേസിന്റെ വിശദാംശങ്ങള്‍, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് ടെനി ജോപ്പനും എന്‍. സുബ്രഹ്മണ്യവും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങള്‍, ബെന്നി ബെഹ്‌നാന്‍ എം.എല്‍.എ തന്റെ ബന്ധു വിനുകുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മ താനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി മുഖേന സമര്‍പ്പിച്ച സോളാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍, അനര്‍ട്ട്, സുരാന എന്നിവയുമായി ബന്ധപ്പെട്ട് ലക്ഷ്മി നായര്‍ എന്ന പേരില്‍ നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങള്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യവുമായുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ തുടങ്ങിയവയും കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."