നെല്ലറയ്ക്ക് കരുത്തേകാന്‍ റാണിക്കായലും പച്ചപ്പണിയുന്നു
ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷിക്കു കരുത്തേകി രണ്ടര പതിറ്റാണ്ടിനുശേഷം റാണിക്കായലും പച്ചപ്പണിയുന്നു. ഈ മാസം 20ന് രാവിലെ 10ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പുഞ്ചക്കൃഷിക്ക് വിത്തെറിയും.
1992 ലാണ് റാണിയില്‍ അവസാനമായി കൃഷിയിറക്കിയത്. 210 ഹെക്ടര്‍ വരുന്ന 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യു ഭൂമിയാണ്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി റാണിചിത്തിര കായലുകളുടെ പുറം ബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്‍ഡ് സ്‌ളാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണിചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 3.69 കോടി രൂപയും അനുവദിച്ചു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തരയില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ കഴിഞ്ഞവര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് കൃഷി മന്ത്രി ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിരുന്നു. 20ന് രാവിലെ 10ന് പാടശേഖരത്ത് നടക്കുന്ന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷ്യത വഹിക്കും.
അധ്വാനത്തിന്റെ കഥപറഞ്ഞ് കായല്‍ നിലങ്ങള്‍
ആലപ്പുഴ:പരമ്പരാഗത കൃഷി രീതികളാല്‍ സമ്പന്നമാണ് കുട്ടനാട്ടിലെ റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് കായല്‍നിലങ്ങള്‍. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് തൊഴിലാളികള്‍ ഇവിടെ കൃഷി ചെയ്തിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് മൂന്നു മീറ്ററോളം താഴ്ന്നു കിടക്കുന്ന വേമ്പനാട്ടുകായലില്‍ കുറ്റിയടിച്ച് ബണ്ടു പിടിച്ച് ചക്രം ചവിട്ടി വെള്ളം വറ്റിക്കുക, വരമ്പുകളും ചാലുകളും രൂപപ്പെടുത്തി കൃഷിയിറക്കുക, ഏഴുനദികളിലെ വെള്ളപ്പാച്ചിലിനെ മനക്കരുത്തുകൊണ്ട് നേരിട്ട് ബണ്ടു കാക്കുക, മട ചവിട്ടിയടച്ച് പാടം കാത്ത് നാടിനെ അന്നമൂട്ടുക ഇത്തരത്തിലുള്ള വീരേതിഹാസ കഥകളാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട കായല്‍നിലങ്ങള്‍ക്കു പറയാനുള്ളത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് വേമ്പനാട് കായലില്‍ തെങ്ങിന്‍ കുറ്റിയടിച്ച് ചെളിയും ചുള്ളിക്കമ്പും മണ്ണും ചേര്‍ത്ത് ചവിട്ടിയുറപ്പിച്ചാണ് കായല്‍നിലമൊരുക്കുന്നതിന് ബണ്ട് നിര്‍മിച്ചത്. നൂറുകണക്കിനു തൊഴിലാളികളുടെ കഠിനാധ്വാനത്താലാണ് 716 ഏക്കര്‍ വരുന്ന ചിത്തിരയും 568 ഏക്കറുള്ള റാണിയും 674 ഏക്കര്‍ വരുന്ന മാര്‍ത്താണ്ഡം കായല്‍നിലവും രൂപപ്പെട്ടത്. കുട്ടനാടിനെ നെല്ലറയാക്കാന്‍ ഈ കായല്‍നിലങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."