നാദാപുരത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വശ്രമം; പൊലിസ് നിഷ്‌ക്രിയമെന്നു പരാതി
നാദാപുരം: സമാധാന അന്തരീക്ഷം കൈവരിച്ച നാദാപുരത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി മേഖലയിലെ പല ഭാഗങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളും കൊടികളും ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുന്നത് പതിവായി.
ഇതോടൊപ്പം രാത്രികാല സ്‌ഫോടനങ്ങളും നടക്കുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ചേലക്കാട് ഫയര്‍ സ്റ്റേഷന്‍ പരിസരത്ത് മുഖം മറച്ചു ബൈക്കിലെത്തിയവര്‍ കടക്കുനേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റിരുന്നു.ഇതിന്റെ തുടര്‍ച്ചയായി രാത്രിയില്‍ ചേലക്കാട് പരിസരത്ത് പലയിടങ്ങളിലായി നിരവധി സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
ഇതുകൂടാതെ വളയം,വാണിമേല്‍, ചെക്ക്യാട് ഭാഗങ്ങളിലും രാത്രികാല സ്‌ഫോടനങ്ങള്‍ പതിവാണ്. സ്‌ഫോടനത്തിനു ശേഷം പൊലിസുകാരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരിക്കും. ആളപായമില്ലാത്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷണം സാധാരണ ഗതിയില്‍ നടത്താറില്ല. ഇത് അക്രമികള്‍ക്ക് തുണയാവുകയാണ്. മുന്‍കാലങ്ങളില്‍ വ്യാപകമായി ബോംബുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്.
ഈ മേഖലകളില്‍ ഇപ്പോഴും ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ സജീവമാണെന്നാണ് കരുതപ്പെടുന്നത്.നേരത്തെ നാടന്‍ ബോംബുകളും സ്റ്റീല്‍ ബോബുകളുമാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്ത് ഉമ്മത്തൂരിലും, കുയ്‌തേരിയിലും പൊട്ടിയവ വേറിട്ട രീതിയില്‍ നിര്‍മ്മിച്ചവയായിരുന്നു.നീളം കൂടിയ പൈപ്പുകളുമായി ബന്ധിപ്പിച്ച ഇവ കുഴല്‍ ബോംബ് എന്നാണ് അറിയപ്പെടുന്നത്. വിദൂര സ്ഥലത്തു നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് പ്രയോഗിക്കാന്‍ കഴിയുന്നവയാണിവ.
ബോംബ് സ്‌ക്വാഡിന്റെ പരിശോധനകളില്‍ ഇത്തരം ബോംബുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആയുധങ്ങള്‍ക്കായുള്ള പൊലിസിന്റെ പരിശോധനകള്‍ പലപ്പോഴും വൃഥാവിലാവുകയാണ്. പൊലിസിന്റെ കണ്‍ട്രോള്‍ റൂം സംവിധാനം നിലവിലുണ്ടെങ്കിലും ഇവരുടെ പരിശോധനകള്‍ ഹെല്‍മറ്റ് വേട്ടയില്‍ ഒതുങ്ങുകയാണ്.
ചേലക്കാട് സംഭവത്തില്‍ എസ്.പി അടക്കമുള്ളവര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും അക്രമികളെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. കണ്ണൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സായുധ പൊലിസിനെ മാറ്റിയതും വളയം പോലുള്ള സ്റ്റേഷനുകളില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതും അക്രമികള്‍ക്ക് തുണയായിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."