പള്ളിയുടെ സ്ഥലം ലീഗ് കമ്മിറ്റി വാങ്ങിയതായുളള ആരോപണം അടിസ്ഥാനരഹിതമെന്ന്
ഫറോക്ക്: പള്ളിയുടെ സ്ഥലം ലീഗ് വാങ്ങിയതായുളള ആരോപണം അടിസ്ഥാന രഹിതമാണെന്നു മുസ്ലിം ലീഗ്. ലീഗ് കമ്മിറ്റി വിലക്കു വാങ്ങിയ സ്ഥലത്തു നിന്നും വൈദ്യരങ്ങാടി ടൗണ്‍ മസ്ജിദിനു മുക്കാല്‍ സെന്റ് സൗജന്യമായി നല്‍കാനാണ് തീരുമാനമെന്നിരിക്കെ ഇത്തരം കളള പ്രചരണങ്ങളുടെ പിന്നില്‍ ചിലരുടെ രാഷ്ട്രീയ പകപോക്കലാണെന്ന് വൈദ്യരങ്ങാടി മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.
വൈദ്യരങ്ങാടി ടൗണ്‍ മസ്ജിദിനോടു ചേര്‍ന്നു കിടക്കുന്ന രണ്ടേകാല്‍ സെന്റ് ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും ലീഗ് കമ്മിറ്റി വിലക്ക് വാങ്ങിയിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം നിര്മിക്കുന്നതിനായാണ് ലീഗ് കമ്മിറ്റി സ്ഥലം വാങ്ങിയത്. ഇതില്‍ നിന്നു മുക്കാല്‍ സെന്റ് സ്ഥലം പളളിക്ക് വിലക്ക് നല്കാന് തീരുമാനിച്ചിരുന്നു. പിന്നീടുളള ചര്‍ച്ചയില്‍ സൗധം നിര്‍മിച്ച ശേഷം മുക്കാല്‍ സെന്റ് സ്ഥലം പളളിക്ക് സൗജന്യമായി നല്‍കാനും പളളിക്കമ്മിറ്റി അഡ്വാന്‍സായി തന്ന പണം തിരികെ നല്‍കാനും തീരുമാനിച്ചു. ഇതിന് വ്യവസ്ഥ തയാറാക്കി മധ്യസ്ഥന്മാര് മുഖാന്തരം ഇരുകമ്മിറ്റി ഭാരവാഹികളും ഒപ്പിട്ടതുമാണ്.
വസ്തുതകള്‍ ഇതാണെന്നിരിക്കെ മുസ്ലിം ലീഗ് കമ്മിറ്റിക്കും പളളിക്കമ്മിറ്റിക്കുമെതിരായി ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന ആരോപണം രാഷ്ട്രീയ വിരോധം തീര്ക്കലാണെന്നു ലീഗ് കമ്മിറ്റി ഭാരവാഹികളായ പാച്ചീരി സൈതലവി, കെ. സലീം, വി.കെ ബഷീര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."