ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യ; അസ്വാഭാവിക മരണത്തിനു പൊലിസ് കേസെടുത്തു
കാസര്‍കോട്: മുളിയാര്‍ അര്‍ളടുക്ക കോപ്പാളത്ത് ബിന്ദു നാലുമാസം മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭര്‍തൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന് ആരോപിച്ചു. മകള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുളിയാര്‍ അര്‍ളടുക്ക കോപ്പാളത്ത് ബിന്ദുവാണ് വെള്ളിയാഴ്ച ഉച്ചയോടെ നാലുമാസം പ്രായമുള്ള മകള്‍ ശ്രീ നന്ദനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയാണ് ബിന്ദു. ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സംഭവത്തില്‍ ഭര്‍ത്താവ് ശരത്തും കുടുംബവും ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രാമചന്ദ്രന്റെ ആരോപണം.
ശരത്തിന്റെ അമ്മ കഴിഞ്ഞദിവസം ബിന്ദുവിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മോശമായി പെരുമാറിയിരുന്നുവെന്നും ബിന്ദുവിന്റെ പിതാവ് പറഞ്ഞു. ബിന്ദുവിന്റെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു. വീട്ടിലെ കിടപ്പുമുറയില്‍ നിന്നുമാണ് നാലുമാസം പ്രായമുള്ള മകളെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂത്ത കുട്ടി ശ്രീഹരി സംഭവ സമയം വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."