'ലഹരിക്കെതിരേ യുവജാഗ്രത'യുമായി ഡി.വൈ.എഫ്.ഐ
കല്‍പ്പറ്റ: ലഹരിക്കെതിരേ ഡി.വൈ.എഫ്.ഐ ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 57 മേഖലാ കമ്മിറ്റികള്‍ക്കുകീഴില്‍ 'ലഹരിക്കെതിരേ യുവജാഗ്രത' എന്ന പേരില്‍ സമതികള്‍ രൂപീകരിച്ചു പ്രതിരോധ കാംപയിന്‍ സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് കെ.പി ഷിജു, സെക്രട്ടറി കെ. റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരികയാണ്. കഞ്ചാവ്-മയക്കുമരുന്നു മാഫിയകള്‍ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. മയക്കുമരുന്നു വില്‍പന തടയാന്‍ ജാഗ്രതാ സമിതി ഇടപെടും. ലഹരിമാഫിയയെയും ഏജന്റുമാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുകയും ഇതിനെതിരേ ശക്തമായ പ്രചാരണ കാംപയിന്‍ നടത്തുകയും ചെയ്യും. 21 മുതല്‍ നവംബര്‍ 27 വരെ നടക്കുന്ന മേഖലാസമ്മേളനങ്ങളില്‍ ഏഴുപേരടങ്ങുന്ന ജാഗ്രതാസമിതികളാണു രൂപീകരിക്കുക. ഇവര്‍ക്ക് മാര്‍ഷല്‍ ആര്‍ടിസിന്റെ നേതൃത്വത്തില്‍ കരാട്ടെ പരിശീലനവും നല്‍കും.
ഡിസംബര്‍ 11ന് കല്‍പ്പറ്റയില്‍ 'ലഹരിക്കെതിരേ യുവജാഗ്രത' പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. സാമൂഹ്യ, രാഷ്ട്രീയ, എക്‌സൈസ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണമെന്നു നേതാക്കള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ. മുഹമ്മദാലി, ബീന രതീഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."