പനാമ രേഖ നവാസ് ശരീഫിനും കുടുംബത്തിനും പാക് സുപ്രിംകോടതി നോട്ടിസ്
പ്രധാനമന്ത്രിക്ക് അയോഗ്യത കല്‍പ്പിക്കണമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്്‌ലാമാബാദ്: പനാമ പേപ്പേഴ്‌സ് ലീക്കില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനും പാക് സുപ്രിംകോടതി നോട്ടിസ് അയച്ചു. പ്രധാനമന്ത്രിയായി തുടരുന്നതിലെ അയോഗ്യത ചോദ്യംചെയ്യുന്ന ഹരജിയിലാണ് കോടതിയുടെ നടപടി. നവാസ് ശരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കള്‍ ഉണ്ടെന്ന് നേരത്തെ പനാമ പേപ്പേഴ്‌സ് രേഖകള്‍ പുറത്തുവന്നിരുന്നു. അഴിമതിപ്പണമാണ് ശരീഫ് വിദേശത്ത് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ അയോഗ്യനാണന്നുമായിരുന്നു ഹരജി.
കേസില്‍ ഹരജിക്കാരനായ പാകിസ്താന്‍ തഹ്്‌രീക് ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവും മുന്‍ പാക് ക്രിക്കറ്റ് ടീം നായകനുമായിരുന്ന ഇമ്രാന്‍ ഖാനെയും കോടതി വിസ്തരിച്ചിരുന്നു. ലണ്ടനില്‍ നവാസ് ശരീഫ് വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നവാസ് ശരീഫിന്റെ മകള്‍ മറിയം, മക്കളായ ഹസന്‍, ഹുസൈന്‍, മരുമകന്‍ മുഹമ്മദ് സഫ്്ദാര്‍, ധനമന്ത്രി ഇഷാഖ് ദര്‍, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡി.ജി, ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ ചെയര്‍മാന്‍, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് കോടതി നോട്ടിസ് അയച്ചു.
ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി, ജസ്റ്റിസുമാരായ ഇജാസുല്‍ അഹ്്‌സന്‍, ഖില്‍ജി ആരിഫ് ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രാഥമിക വാദംകേള്‍ക്കലിനു ശേഷം കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി. ഇമ്രാന്‍ ഖാനും കോടതിയില്‍ ഹാജരായിരുന്നു.
പാക് പ്രധാനമന്ത്രിയും നിയമത്തിനു വിധേയനാണെന്ന് ഇമ്രാന്‍ഖാന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നീതി വൈകുന്നത് അനീതിക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. നവാസ് ശരീഫിന്റെ നാലു മക്കളില്‍ മൂന്നു പേരുടെ പേരാണ് പനാമ പേപ്പേഴ്‌സില്‍ പരാമര്‍ശിക്കപ്പെട്ടത്. ഇവര്‍ നിരവധി കമ്പനികള്‍ നടത്തുന്നുണ്ട്. തങ്ങള്‍ക്കെതിരേയുള്ള ആരോപണം ശരീഫും കുടുംബവും നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."