രണ്ടാം പോരില്‍ കിവികള്‍
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ആറു റണ്‍സിനു കീഴടക്കി ന്യൂസിലന്‍ഡ് വിജയം സ്വന്തമാക്കി
ന്യൂഡല്‍ഹി: ടെസ്റ്റ് പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ക്കും ഏകദിനത്തിലെ ആദ്യ തോല്‍വിക്കു ശേഷം ന്യൂസിലന്‍ഡ് വിജയ ചിരി ചിരിച്ചു. നാടകീയ പോരാട്ടത്തില്‍ രണ്ടാം ഏകദിനം വിജയിച്ച് കിവികള്‍ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി. ഫിറോസ് ഷാ കോട്ലയില് നടന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് കിവികള്‍ വിജയം പിടിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ നഷ്ടത്തില്‍ 242 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 49.3 ഓവറില്‍ 236 റണ്‍സില്‍ അവസാനിപ്പിച്ചാണ് ന്യൂസിലന്‍ഡ് വിജയം പിടിച്ചത്.
ആവേശപ്പോരിന്റെ അവസാന ഓവറില്‍ ഇന്ത്യക്ക് ആറു പന്തുകളില്‍ 10 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമായിരുന്നു കൈയില്‍. 15 റണ്‍സുമായി ഉമേഷ് യാദവ് ഒരറ്റത്ത് നില്ക്കുന്നു.
സൗത്തി എറിഞ്ഞ ആദ്യ പന്തില്‍ രണ്ടും രണ്ടാം പന്തില്‍ ഒരു റണ്‍സുമെടുത്ത് ഉമേഷ് നോണ്‍ സ്ട്രൈക്ക് എന്‍ഡിലെത്തി. മൂന്നാം പന്ത് നേരിട്ടത് ബുമ്റ. നേരിട്ട ആദ്യ പന്തില്‍ തന്നെ ബുമ്റയുടെ വിക്കറ്റെടുത്ത് സൗത്തി ന്യൂസിലന്‍ഡിനു വിജയം സമ്മാനിച്ചു. 243 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ഇന്ത്യ മൂന്നു പന്തു ശേഷിക്കെ ആറു റണ്‍സകലെ വീണു.
പ്രതിരോധിക്കാവുന്ന സ്കോറിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് തകരുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. തകര്‍ച്ചയുടെ വക്കില്‍ നിന്നു ഹാര്‍ദിക് പാണ്ഡ്യ (36) യും ഉമേഷ് യാദവും (18) പൊരുതി നോക്കിയെങ്കിലും വിജയത്തിക്കാന് കഴിയാതെയും പോയി. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ 41 റണ്‍സ് നേടിയ കേദാര്‍ ജാദവാണ് ടോപ് സ്കോറര്‍. ധോണി (39), രഹാനെ (28) എന്നിവരും പിടിച്ചു നിന്നു. ന്യൂസിലന്‍ഡ് നിരയില്‍ ടിം സൗത്തി മൂന്നു വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, മാര്ട്ടിന് ഗുപ്റ്റില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
ടോസ് നേടി കിവികളെ ബാറ്റിങിനയച്ച ധോണിയുടെ തീരുമാനം ശരിയായി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനായി നായകന് കെയ്ന്‍ വില്ല്യംസന് (118) സെഞ്ച്വറിയുമായി തിളങ്ങി മുന്നില്‍ നിന്നു നയിച്ചു. 128 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്സും വില്ല്യംസന് പറത്തി. ടോം ലാതം 46 റണ്‍സ് നേടി.
അക്കൗണ്ട് തുറക്കും മുന്‍പ് രണ്ടാം പന്തില്‍ തന്നെ ഗുപ്റ്റിലിനെ നഷ്ടപ്പെട്ട് തകര്‍ന്ന അവരെ രണ്ടാം വിക്കറ്റില്‍ ലാതം- വില്ല്യംസന് എന്നിവര്‍ ചേര്‍ന്നു പടുത്തുയര്‍ത്തിയ 120 റണ്‍സാണ് രക്ഷപ്പെടുത്തിയത്. റോസ് ടെയ്ലര് (21), കൊറി ആന്ഡേഴ്സന് എന്നിവരും പിടിച്ചു നിന്നു.
നാലു വിക്കറ്റിന് 204 എന്ന ശക്തമായ നിലയില്‍ നിന്നാണ് കിവീസ് തകര്‍ന്നു തരിപ്പണമായത്. അവസാന അഞ്ചു വിക്കറ്റുകള്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
അമിത് മിശ്ര, ജസ്പ്രിത് ബുമ്റ എന്നിവര്‍ മൂന്നു വിക്കറ്റുകളും കേദാര്‍ ജാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. വില്ല്യംസനാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."