മാണിയത്ത് സത്യന് വധം: നാലു സാക്ഷികള്‍ കൂറു മാറി
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് പിണറായി വെണ്ടുട്ടായിയിലെ മാണിയത്ത് സത്യനെ(38) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ നാലു സാക്ഷികള്‍ കൂറു മാറി. കൂത്തുപറമ്പ് പഴയനിരത്തിലെ എസ്.ബി.ഐ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന് രാമചന്ദ്രന്, കൂത്തുപറമ്പിലെ ഓട്ടോ ഡ്രൈവര്‍ ജനീഷ് എന്നിവരെയാണ് ഇന്നലെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിസ്തരിച്ചത്. വ്യാഴാഴ്ച വിസ്തരിച്ച അരവിന്ദന്, രജീഷ് എന്നിവരും കൂറു മാറിയിരുന്നു. സംഭവ ദിവസം നിര്‍മാണ തൊഴിലാളിയായിരുന്ന സത്യന് ജോലി ചെയ്തിരുന്ന വീടിന്റെ ഉടമയാണ് രാമചന്ദ്രന്. എന്നാല്‍ സത്യന് തന്റെ വീട്ടു പണിയില്‍ ഏര്‍പ്പെട്ടിരുന്നതായും സംഭവ ദിവസം സത്യന് അവിടെ ജോലി ചെയ്തത് ഓര്‍ക്കുന്നില്ലെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു. സത്യനെ ബലമായി ഒരു സംഘം കയറ്റിക്കൊണ്ടു പോയെന്ന് പൊലിസ് രേഖപ്പെടുത്തിയ ഓട്ടോ ഡ്രൈവര്‍ ജനീഷും ഇന്നലെ കൂറുമാറുകയായിരുന്നു. സത്യന് കൊല്ലപ്പെട്ട ദിവസം താന്‍ ഓട്ടോ ഓടിക്കാന്‍ എവിടെയും പോയില്ലെന്നും വീട്ടില്‍ തന്നെ തന്റെ ഓട്ടോ നിര്ത്തിയിടുകയായിരുന്നെന്നും സാക്ഷി മൊഴി നല്കി. സംഭവ സമയം കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐയും നിലവില്‍ തലശ്ശേരി സി.ഐയുമായ പ്രദീപന് കണ്ണിപ്പൊയിലിനെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."