സര്‍വകക്ഷിയോഗം നടന്നില്ല: കണ്ണൂരില്‍ അക്രമം തുടരുന്നു
കണ്ണൂര്‍: സര്‍വകക്ഷി സമാധാനയോഗം വിളിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്ന കണ്ണൂരില്‍ അക്രമവും ഭീഷണിയും തുടരുന്നു. ബി.ജെ.പി വിട്ടു സി.പി. എമ്മില്‍ ചേര്‍ന്ന ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. അശോകന്റെ വീടിനു നേരെ അക്രമം നടന്നതോടെ ജില്ലയിലെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അശോകന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബി.ജെ.പി ശക്തികേന്ദ്രമായ ചെറുവാഞ്ചേരിയില്‍ താമസിക്കുന്ന അശോകനെതിരെ പാര്‍ട്ടി വിട്ടപ്പോള്‍ മുതല്‍ വധഭീഷണിയുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗണ്‍മാനെ നിയോഗിച്ചത്.
അശോകന്റെ ഗണ്‍മാനും പാട്യം സ്വദേശിയുമായ പി.രഞ്ജിത്തിനു ബോംബേറില്‍ പരുക്കേറ്റു.
അക്രമത്തില്‍ 19 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണവം പൊലിസ് കേസെടുത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശ്രീജിന്‍, ബാലകൃഷ്ണന്‍, ഗിരീഷ് തുടങ്ങി ഒന്‍പതു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരേയുമാണ് കേസ്.
അക്രമത്തില്‍ പ്രതിഷേധിച്ചു സി.പി. എം ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ടു ആറുവരെ ചെറുവാഞ്ചേരി മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ബി.ജെ.പി വിട്ടു സി.പി.എമ്മിലേക്ക് കൂടുമാറിയ ഒ.കെ വാസുവിനെതിരെയും നേരത്തെ പൊയിലൂരില്‍ വച്ച് വധശ്രമം നടന്നിരുന്നു.
ആര്‍. എസ്. എസ് പ്രചാരകനായി പ്രവര്‍ത്തിച്ച സുധീഷ് മിന്നിയും ഭീഷണിയുടെ നിഴലിലാണ്. സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍, ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ക്കെതിരെയും വധഭീഷണി നിലനില്‍ക്കുന്നുണ്ട്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കണ്ണൂരില്‍ രക്തസാക്ഷി, ബലിദാനദിനാചരണങ്ങള്‍ ആചരിക്കാറുണ്ട്. കണ്ണൂരില്‍ ജില്ലാതല സമാധാനയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."