ഗോവന്‍ സഫാരിക്ക് ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പില്‍ മോശം തുടക്കമിട്ട രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയം ഇരുവര്‍ക്കും അനിവാര്യം. മുന്നോട്ടുള്ള പ്രയാണത്തില്‍ ഓരോ പോയിന്റും ഓരോ ഗോളും നിര്‍ണായകം. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്നു പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെയുള്ള ചരിത്രം സീക്കോയുടെ ഗോവയ്ക്ക് മാത്രമുള്ളതാണ്. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനു മേല്‍ ശക്തമായ വിജയങ്ങള്‍ നേടിയെന്നതു തന്നെ. മൂന്നാം പതിപ്പില്‍ പരാജയത്തോടെ തുടക്കമിട്ട ബ്ലാസ്റ്റേഴ്‌സ് കരുത്തരായ മുംബൈയെ അട്ടിമറിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും പൂനെ എഫ്.സിയോട് സമനില വഴങ്ങേണ്ടി വന്നു. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നു മുംബൈയെ കീഴ്‌പ്പെടുത്തിയായിരുന്നു ഗോവയുടെ വിജയ വഴിയിലേക്കുള്ള തിരിച്ചുവരവും. അഞ്ചു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിനു അഞ്ചും ഗോവയ്ക്ക് നാലും പോയിന്റ് മാത്രമാണുള്ളത്. ഇനിയുള്ള ഓരോ മത്സരവും ഇരു ടീമുകള്‍ക്കും നിര്‍ണായകം തന്നെ. ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും ഗോവ അവസാന സ്ഥാനക്കാരുമാണ്. വിജയം മാത്രം ലക്ഷ്യമിട്ടു ഇരു ടീമുകളും സകല തന്ത്രങ്ങളും പുറത്തെടുത്താവും ഇന്നു പൊരുതാനിറങ്ങുക.
ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ഏറ്റവും കുറച്ച് ഗോളടിച്ച ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. പ്രതിരോധ നിരയുടെ കരുത്താണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചതും. നായകന്‍ ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കന്‍, പ്ലേമേക്കര്‍ ഹോസു കുരിയാസ് എന്നിവര്‍ക്കാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ക്രെഡിറ്റ് നല്‍കുന്നത്. ടീം തിരഞ്ഞെടുപ്പില്‍ ബോധപൂര്‍വമായി പ്രതിരോധത്തിനു ഊന്നല്‍ നല്‍കിയിരുന്നില്ലെന്നാണ് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കിയത്. ദൃഢമായ പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. അതേപോലെ ടീമിനു നന്നായി ആസൂത്രണം ചെയ്യാനും കഴിഞ്ഞുവെന്ന് കോപ്പല്‍ അവകാശപ്പെടുന്നു. ഗോളുകളുടെ ദാരിദ്ര്യം മാത്രമാണ് ഒരു കുറവായി കോപ്പല്‍ ചൂണ്ടിക്കാട്ടുന്നത്.
ആക്രമണ നിര മികവിലേക്ക് എത്തി തുടങ്ങിയെങ്കിലും ഫിനിഷിങ് പിഴയ്ക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിലേക്ക് തിരികെയെത്തിച്ച ഗോളിനുടമയായ മൈക്കല്‍ ചോപ്രയ്ക്ക് പക്ഷെ, മനസ് എത്തുന്നിടത്ത് കാലും തലയും എത്തിക്കാനാവുന്നില്ല. മുഹമ്മദ് റാഫിയുടെ പ്രശ്‌നവും ഇതുതന്നെ. രണ്ടാം പതിപ്പില്‍ തല കൊണ്ടു മാന്ത്രിക ഗോളുകള്‍ ഉതിര്‍ത്ത റാഫിക്ക് ഇത്തവണ ലക്ഷ്യം പിഴയ്ക്കുകയാണ്.
അന്റോണിയ ജെര്‍മെയ്‌നും നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. മുന്നേറ്റ നിരയില്‍ മുഹമ്മദ് റഫീഖും കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും നന്നായി അധ്വാനിക്കുന്നതു മാത്രമാണ് ആശ്വാസം. ഗോവയെ നേരിടാന്‍ ഇന്നിറങ്ങുമ്പോള്‍ ചോപ്രയെ പുറത്തിരുത്തി അന്റോണിയോ ജെര്‍മെയ്‌നെ ആദ്യ ഇലവനില്‍ പരീക്ഷിക്കാനാവും കോപ്പല്‍ തയ്യാറാവുക. മിഡ്ഫീല്‍ഡ് ജനറലാവേണ്ട മെഹ്താബ് ഹുസൈന്‍ നിരാശ മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ മധ്യനിരയില്‍ മാറ്റങ്ങള്‍ പരീക്ഷിച്ചതോടെ അതു മൈതാനത്ത് പ്രകടമായി തുടങ്ങിയത് ആശ്വാസമാണ്. ചാഡ് രാജ്യാന്തര താരം അസ്‌റാഖ് മഹ്മദ് മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് കരുത്താവുന്നുണ്ട്.
മധ്യനിരയിലേക്ക് ഹോസു കൂടി എത്തിയിരുന്നുവെങ്കില്‍ കരുത്തേറിയ തന്ത്രങ്ങള്‍ പിറക്കുമായിരുന്നു. പ്രതിരോധത്തില്‍ നിന്നാണ് ഹോസു പ്ലേമേക്കറുടെ റോള്‍ നിര്‍വഹിക്കുന്നത്. ഒത്തിണക്കം കാട്ടിത്തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇന്നു കാര്യമായ അഴിച്ചുപണിക്കു കോപ്പല്‍ തയ്യാറാവാന്‍ സാധ്യതയില്ല.
വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് സ്വന്തം തട്ടകത്തില്‍ ഗോവ ഇറങ്ങുന്നതെന്ന് പരിശീലകന്‍ സീക്കോ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ പോയിന്റ് വളരെ അത്യാവശ്യമാണ്. അതു നേടാനുള്ള ഗെയിം പ്ലാനാവും നടപ്പാക്കുകയെന്ന് സീക്കോ വ്യക്തമാക്കി. കഴിഞ്ഞ സീസണുകളില്‍ നിന്നു ഈ സീസണ്‍ വളരെ വിഭിന്നമാണ്. എല്ലാ ടീമുകളും ഒരേ പോലെ ബാലന്‍സ് ചെയ്ത നിലയിലാണ്. അതുകൊണ്ട് സമനിലകള്‍ അല്ല വിജയമാണ് ആദ്യ നാലു സ്ഥാനത്ത് എത്താന്‍ അനിവാര്യമെന്ന് സീക്കോ തിരിച്ചറിയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും ഗോവയും സീക്കോയും പ്രതീക്ഷിക്കുന്നില്ല. ഈ സീസണില്‍ ഏഴു ഗോളുകള്‍ വഴങ്ങിയ ഗോവ മൂന്നു ഗോളുകള്‍ മാത്രമാണ് തിരിച്ചടിച്ചത്. മുംബൈയ്‌ക്കെതിരേ ടീമിന്റെ പ്രധാന കാവല്‍ ഭടന്‍ ഗ്രിഗറി അര്‍ണോളിന്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ ജോഫ്രെയെ പിന്‍വലിച്ച് ടീമിലെ മാര്‍ക്വീ താരം ലൂസിയോയെയും സീക്കോ കളത്തിലെത്തിച്ചു.
ഇന്ന് ഇരുവരും ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്നതിനു സീക്കോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. അവസാന പരിശീലനത്തിനു ശേഷം മാത്രം തീരുമാനം എന്ന നിലപാടിലാണ്. നൂറു ശതമാനം ഫിറ്റ് ആയ കളിക്കാര്‍ മാത്രമേ കളിക്കളത്തില്‍ ഉണ്ടാവൂ എന്നു സീക്കോ വ്യക്തമാക്കിയിട്ടുണ്ട്. കളിക്കാര്‍ ഏല്ലാ പൊസിഷനിലും കളിക്കാന്‍ പ്രാപ്തരാകണമെന്നതാണ് സീക്കോയുടെ മന്ത്രം. ബ്ലാസ്റ്റേഴ്‌സും എഫ്.സി ഗോവയും രണ്ടു പതിപ്പിലായി നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ ഗോവ മൂന്നു വിജയം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സ് ഒരു തവണ ഗോവയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."