കാന്‍സര്‍ രോഗിയായ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി
ആലപ്പുഴ: കാന്‍സര്‍ രോഗിയായ യുവാവിനെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. മുഹമ്മ പള്ളിക്കുന്നം ശ്രായില്‍ പാലത്തിന് സമീപം സുധി വിലാസത്തില്‍ ഓട്ടോ ഡ്രൈവറായ കണ്ണ(33)നെയാണ് മുഹമ്മ പൊലിസ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. കാന്‍സറും വയറിന് മാരകമായ രോഗവും ഉള്ളതിനാല്‍ കണ്ണന് വീടിന് മുന്നില്‍ കിടന്നാണ് കഴിഞ്ഞ കുറച്ച് നാളായി ഓട്ടം പോയിരുന്നത്. ഇന്നലെ രാത്രി ഓട്ടോയ്ക്ക് സമീപമിരുന്ന് മൂന്നു പേര് മദ്യപിക്കുന്നതിനിടയില്‍ മുഹമ്മ പൊലിസ് ഇവരെ പിടികൂടി.
വീടിനകത്ത് മരുന്ന് കഴിച്ചു കൊണ്ടിരുന്ന കണ്ണന് ഈ സമയം ശബ്ദം കേട്ട് അവിടെ എത്തി. ഓട്ടോറിക്ഷ റോഡില്‍ ഇട്ടതിനാലാണ് മദ്യപാനം നടക്കുന്നതെന്ന് പറഞ്ഞ് പൊലിസ് കണ്ണനെ പിടികൂടി. കാന്‍സറും, മലദ്വാരത്തിന് പ്രശ്നവുമുള്ള കാര്യവും മരുന്ന് കഴിക്കുന്ന കാര്യവും കണ്ണനും നാട്ടുകാരും പൊലിസിനോട് പറഞ്ഞിട്ടും മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രോഗിയായ സഹോദരനെ പൊലിസ് മര്‍ദ്ദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് കണ്ണന്റെ സഹോദരന് പറഞ്ഞു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കണ്ണനെ പിടികൂടിയെന്നും അസുഖമാണെന്ന് പറഞ്ഞപ്പോള്‍ വിട്ടയച്ചെന്നും മുഹമ്മ എസ്.ഐയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."