കുഴല്‍പണ ഇടപാട്; മലയാളിയടക്കം 16 പേര്‍ പിടിയില്‍
ജിദ്ദ: പതിനാല് ബില്യന്‍ റിയാലിന്റെ കുഴല്‍പണ ഇടപാടില്‍ മലയാളി ഹൗസ് ഡ്രൈവറടക്കം 16 പേര്‍ പിടിയില്‍. സഊദി ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോ സംഘം നടത്തിയ പ്രത്യേക അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്.
ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്ടില്‍ സ്വദേശി പൗരന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയാണു പിടിയിലായത്. ഇയാളില്‍ നിന്ന് 60,000ത്തോളം റിയാല്‍ പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കു പുറമെ മറ്റു മലയാളികളും വലയിലായ പ്രതികളില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തിനു പുറത്തേക്കു പണം കടത്താന്‍ മറ്റു പ്രതികളെ സഹായിച്ചെന്നാണ് ഹൗസ് ഡ്രൈവര്‍ക്കെതിരായ ആരോപണം. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോടു കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഇയാള്‍ ജോലി ചെയ്യുന്ന സഊദി കുടുംബം അറിയാതെയായിരുന്നു ഇടപാട്. വിദേശികള്‍ നല്‍കുന്ന പണം സ്വീകരിച്ചു മറ്റൊരു ഇന്ത്യക്കാരനെ ഏല്‍പിക്കുകയാണ് ഹൗസ് ഡ്രൈവര്‍ ചെയ്തിരുന്നത്. റുവൈസ് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാട്. വിവിധ രാജ്യക്കാരായ വിദേശികള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് ഹൗസ് ഡ്രൈവറെപ്പോലുള്ള ഏജന്റുമാര്‍ മുഖേനയാണു വന്‍ റാക്കറ്റിനു പണം എത്തിച്ചിരുന്നത്. ഇതിനുശേഷം ഇവര്‍ അതാതു രാജ്യങ്ങളില്‍ എത്തിച്ചുകൊടുക്കലാണു പതിവ്.
ഹൗസ് ഡ്രൈവറില്‍നിന്ന് ആഴ്ചയില്‍ മൂന്നുദിവസമായിരുന്നു സംഘം പണം ശേഖരിച്ചിരുന്നത്. 80 ദിവസം കൊണ്ടാണ് ഇത്രയേറെ തുകയുടെ കുഴല്‍പണ ഇടപാട് നടത്തിയത്. പണം ശേഖരിക്കുന്നതിന് ഡ്രൈവര്‍ക്കു സംഘം 3,500 റിയാല്‍ പ്രതിഫലം നല്‍കുന്നതാണു രീതി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് ഇയാള്‍ക്കെതിരേ ചുമത്തുകയെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."